തിരുവനന്തപുരം: മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ 200 ഏക്കർ ഭൂമി ബിനാമി പേരിലുള്ള രണ്ട് മന്ത്രിമാർ ആരെന്ന് വെളിപ്പെടുത്താനും സമഗ്രാന്വേഷണം നടത്താനും മുഖ്യമന്ത്രിക്ക് തന്റേടമുണ്ടോയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വെല്ലുവിളി.
സ്പ്രിൻക്ളർ, ഇ- മൊബിലിറ്റി, ലൈഫ് ഉൾപ്പെടെ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ അഴിമതികൾ ഓരോന്നായി തുറന്ന്കാട്ടി സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയതിന്റെ പകപോക്കലാണ് പ്രതിപക്ഷ നേതാവിനെതിരെയടക്കമുള്ള കേസുകൾക്കെല്ലാം പ്രേരകഘടകമെന്ന് മാദ്ധ്യമങ്ങളോട് മുല്ലപ്പള്ളി പറഞ്ഞു.
വിജിലൻസ് നാലുതവണ അന്വേഷിച്ച് ആരോപണത്തിൽ കഴമ്പില്ലെന്ന് കണ്ട് ക്ലീൻചിറ്റ് നൽകിയ കേസാണ് ബാർ കോഴ വിവാദം. അഴിമതിയുടെ ശരശയ്യയിൽ കിടക്കുന്ന മുഖ്യമന്ത്രിക്ക് സമനില തെറ്റിയതുകൊണ്ടാണ് യു.ഡി.എഫ് നേതാക്കളെ സ്വഭാവഹത്യ ചെയ്യുംവിധം കേസുകൾ എടുക്കുന്നത്. ഏത് നിമിഷവും ജയിലിലേക്ക് പോകുമെന്ന മുഖ്യമന്ത്രിയുടെ തിരിച്ചറിവാണ് പ്രതികാരബുദ്ധിക്ക് കാരണം. പ്രതികാര നടപടികളുടെ പേരിൽ പ്രതിപക്ഷത്തെ നിശബ്ദമാക്കാമെന്ന് കരുതിയെങ്കിൽ മുഖ്യമന്ത്രിക്ക് തെറ്റി. യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടും. ജോസ് കെ. മാണി കേസ് പിൻവലിക്കാൻ പത്തുകോടി രൂപ ഓഫർ ചെയ്തെന്ന ആക്ഷേപത്തിൽ എന്തുകൊണ്ട് പ്രാഥമികാന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറായില്ല. പ്രവാസി വ്യവസായിയുടെ 50 ലക്ഷം തട്ടിയ കേസിൽ സി.പി.എം സ്വതന്ത്ര എം.എൽ.എക്കെതിരെ എന്തുനടപടിയാണ് സ്വീകരിച്ചതെന്നും മുല്ലപ്പള്ളി ചോദിച്ചു.