തിരുവനന്തപുരം: ബംഗളുരു ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കാര്യത്തിൽ താരസംഘടനയായ 'അമ്മ'എടുത്തു ചാടി തീരുമാനമെടുക്കേണ്ടതില്ലെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. എടുത്തുചാടി തീരുമാനമെടുത്തിട്ട് തിരുത്തേണ്ടി വരികയും, അത് വിവാദമാകുകയുമൊക്കെ ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബിനീഷ് കോടിയേരിയുടെ വിഷയം എടുത്തുചാടി തീരുമാനമെടുക്കേണ്ട ഒന്നല്ലെന്നും, കുറ്റവാളി ആരാണെന്ന് തീരുമാനിക്കേണ്ടത് നിയമമാണെന്നും, അന്വേഷണത്തിന് ശേഷം മാത്രം സംഘടന നടപടി സ്വീകരിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തിന്റെ നല്ല കാലം സിനിമയ്ക്ക് വേണ്ടി സമർപ്പിച്ച്, വയസാകുമ്പോൾ ഭക്ഷണത്തിനും മരുന്നിനും പണം നൽകുന്ന ഇത്തരത്തിലൊരു സംഘടന കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. തിരുവനന്തപുരം നഗരസഭയിൽ പൂജപ്പുര വാർഡ് സ്ഥാനാർത്ഥി വിവി രാജേഷിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു എംപി.