മലപ്പുറം: ചാപ്പനങ്ങാടിയിൽവെച്ച് 320 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ മയക്കുമരുന്ന് മാഫിയയിൽ ഉൾപ്പെട്ട ഒരാൾകൂടി അറസ്റ്റിൽ. കഴിഞ്ഞ സെപ്റ്റംബർ 24ന് കഞ്ചാവ് പിടികൂടിയ കേസിൽ കൊണ്ടോട്ടി കൊടികുത്തി പറമ്പ് മാങ്ങോട്ടിരി ബാവു എന്ന മുഹമ്മദ് ഷരീഫിനെ(27)യാണ് നാർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി പി.പി.ജ ഷംസിന്റെ നേതൃത്വത്തിൽ ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്ക്വാഡ് പിടികൂടിയത്.
വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ നെടുമ്പാശ്ശേരി എയർപോർട്ട് പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. കേസിൽ ഉൾപ്പെട്ട കരിപ്പൂർ പുളിയംപറമ്പ് കല്ലൻ കണ്ടി റഫീഖ് (30), കൊണ്ടോട്ടി അന്തിയൂർകുന്ന് കുന്നേക്കാട്ട് തെഞ്ചേരികുത്ത് മുഹമ്മദ് മുജീബ് റഹ്മാൻ, കൊണ്ടോട്ടി അന്തിയൂർ കുന്ന് നസീർ എന്നിവരെ ഒരാഴ്ച മുമ്പ് പിടികൂടിയിരുന്നു. ഇതോടെ ഈ കേസിൽ പിടിയിലായ ആളുകളുടെ എണ്ണം 14 ആയി. ഇവർ റിമാന്റിലാണ്. ആന്ധ്രയിൽ നിന്നും ഉള്ളി വണ്ടിയിൽ കടത്തികൊണ്ടു വന്ന കഞ്ചാവാണ് അന്ന് പിടികൂടിയത്. ആന്ധ്രയിൽ നിന്നും കഞ്ചാവ് കൊണ്ടുവരുന്നതിന് സാമ്പത്തിക സഹായം നൽകുകയും സംഭവദിവസം സ്ഥലത്തുനിന്നും രക്ഷപ്പെട മൂന്നു് പ്രതികൾക്ക് ഒളിവിൽ താമസിക്കാൻ സഹായം ചെയ്ത സംഭവത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ മുമ്പും ആന്ധ്രയിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്ന് വിൽപ്പന നടത്തിയിരുന്നതായി പറയുന്നു. അവിടെ കിലോയ്ക്ക് 1,500 രൂപ വരുന്ന കഞ്ചാവ് കേരളത്തിൽ എത്തുന്നതോടെ 50,000 രൂപ വരെയാകും. ഇനിയും ഈ കേസിൽ പ്രതികളെ പിടികൂടാനുണ്ട്. ഇവരെ ചോദ്യം ചെയ്തതിൽ പ്രതികൾക്ക് കഞ്ചാവ് കടത്തികൊണ്ടുവരുന്നതിന് സാമ്പത്തികമായും മറ്റും സഹായം ചെയ്ത പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.