തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5254 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രതിദിന രോഗബാധയില്‍ കുറവുണ്ടാകുന്നുണ്ടെങ്കിലും ചില ജില്ലകളിലെ ആക്ടീവ് കേസുകള്‍ ആശങ്ക ഉയര്‍ത്തുകയാണ്. നേരത്തെ തലസ്ഥാനത്തെ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഭീതി ഉയര്‍ത്തിയതെങ്കില്‍ നിലവില്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ കുറവുണ്ടായിട്ടുണ്ട്.
തിരുവനന്തപുരത്ത് ഉണ്ടായിരുന്നത് പോലെയുള്ള രോഗവ്യാപനവും നിലവില്‍ സംസ്ഥാനത്ത് ഇല്ലെന്നതും ആശ്വാസമാണ്. കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ ആശങ്ക ഉയര്‍ത്തിയിരുന്ന പല ജില്ലകളിലും കൊവിഡ് ബാധ കുറഞ്ഞപ്പോഴും അഞ്ച് ജില്ലകളിലെ കണക്കുകളാണ് ഉയര്‍ന്ന് നില്‍ക്കുന്നത്.
ആശങ്കയകന്ന് തലസ്ഥാനം
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധ ഉയര്‍ന്ന് നിന്നപ്പോള്‍ ആശങ്ക ഉയര്‍ത്തിയിരുന്ന ജില്ല തിരുവനന്തപുരമായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി തിരുവനന്തപുരത്ത് നിന്ന് പുറത്ത് വരുന്ന കണക്കുകള്‍ കേസുകളില്‍ കുറവുണ്ടാകുന്നു എന്ന സൂചനയാണ് നല്‍കുന്നത്. ഇന്ന് 383 പേര്‍ക്കാണ് ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. 546 പേര്‍ക്ക് രോഗമുക്തിയും ലഭിച്ചിട്ടുണ്ട്. നിലവില്‍ 5138 പേരാണ് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
'ഭീതിയൊഴിഞ്ഞ് ഈ ജില്ലകള്‍'
സംസ്ഥാനത്ത് കൊവിഡ് വ്യാപനം റിപ്പോട്ട് ചെയ്ത് തുടങ്ങവേ കൂടുതല്‍ ഭീതി ഉയര്‍ത്തിയ പല ജില്ലകളിലും ഇന്ന് ആശങ്കയൊഴിഞ്ഞ് നില്‍ക്കുകയാണ്. ആദ്യഘട്ടത്തില്‍ വ്യാപന ഭീതിയിലായിരുന്ന ജില്ലയാണ് കാസര്‍കോട്. എന്നാല്‍ നിലവില്‍ ഇവിടെ കൊവിഡ് കേസുകളില്‍ വലിയ കുറവ് തന്നെ ഉണ്ടായിട്ടുണ്ട്. ഇന്ന് ജില്ലയില്‍ 81 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ കൊവിഡ് ബാധിച്ച് കാസര്‍കോട്ടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 1117 ആണ്. ആദ്യഘട്ടത്തില്‍ ആശങ്ക ഉയര്‍ത്തിയിരുന്ന കോട്ടയത്ത് നിലവില്‍ 3670 രോഗികള്‍ മാത്രമാണുള്ളത്. ഇടുക്കി 2054, വയനാട് 1036, കണ്ണൂര്‍ 3388, പത്തനംതിട്ട 2090 എന്നിവിടങ്ങളിലെയും കണക്കുകള്‍ ആശ്വാസമേകുന്നതാണ്.
ആശങ്കയാകുന്ന അഞ്ച് ജില്ലകള്‍
ആരോഗ്യ വകുപ്പ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം നാല് ജില്ലകളില്‍ മാത്രമാണ് നിലവില്‍ ഏഴായിരത്തിലധികം കൊവിഡ് കേസുകളുള്ളത്. എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം എന്നിവയാണിത്. ആലപ്പുഴയില്‍ 6900ത്തിലധികം കേസുകളും നിലവിലുണ്ട്. എറണാകുളത്ത് ഇന്ന് 494 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന 953 പേര്‍ക്ക് രോഗമുക്തിയും ലഭിച്ചിട്ടുണ്ട്. നിലവില്‍ 8921 പേരാണ് ഇവിടെ കൊവിഡ് ചികിത്സയിലുള്ളത്. തൃശൂരില്‍ 543 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 7509 ആയും ഉയര്‍ന്നു. കോഴിക്കോട് നിലവില്‍ 7633 പേരാണ് ചികിത്സയിലുള്ളത്. കോഴിക്കോടിന്ന് 612 പേര്‍ക്കാണ് രോഗബാധ. മലപ്പുറത്ത് ഇന്ന് 796 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 7245 ആയാണ് ഉയര്‍ന്നത്. ആലപ്പുഴയില്‍ 6945 കേസുകളും നിലവിലുണ്ട്. അതേസമയം കഴിഞ്ഞയാഴ്ചത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ആക്ടീവ് കേസുകളില്‍ കുറവുണ്ടാകുന്നു എന്നത് ആശ്വാസകരം തന്നെയാണ്.
ടെസ്റ്റ് പോസിറ്റീവിറ്റി 10.94
സംസ്ഥാനത്ത് നാല് ജില്ലകളില്‍ ആക്ടീവ് കൊവിഡ് കേസുകള്‍ ഏഴായിരത്തിന് മുകളിലാണെങ്കിലും കഴിഞ്ഞയാഴ്ചത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ജില്ലകളിലെല്ലാം കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട് എന്നത് ആശ്വാസമേകുന്ന വാര്‍ത്തയാണ്. കഴിഞ്ഞ ഞായറാഴ്ചത്തെ കണക്ക് പ്രകാരം സംസ്ഥാനത്ത് 74802 ആക്ടീവ് കേസുകളാണ് ഉണ്ടായിരുന്നത്. ഇന്ന് അത് 65,856 ആയാണ് കുറഞ്ഞത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,015 സാമ്പിളുകളാണ് പരിശോധിച്ചത്. നിലവില്‍ സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.94 % ആണ്.