കോഴിക്കോട്: കൊവിഡ് കാലമായതിനാൽ വോട്ട് പിടുത്തവും പ്രചാരണവും സ്ഥാനാർത്ഥികൾക്കും മുന്നണികൾക്കും ഇമ്മിണി വല്യ പരീക്ഷണം തന്നെയാണ്. സോഷ്യൽ മീഡിയയിൽ കസറാനറിയാത്തവരെ കുടുക്കാൻ പലതരം 'കെണികൾ' തേടി പോകുന്ന മുന്നണികൾക്കിടയിൽ ക്ലിക്കായിരിക്കുകയാണ് സാനിറ്റൈസർ ബോട്ടിൽ. ഉള്ളിൽ പ്രതിരോധം, പുറത്ത് വോട്ടഭ്യർത്ഥന. സംഗതി കൊള്ളാമെന്നായതോടെ നാട്ടിലെങ്ങും തരംഗമായിട്ടുണ്ട് ഈ പുതിയ തന്ത്രം. തൃശൂർ സ്വദേശി ശ്രീജിത്ത് ശ്രീധറിന്റെ നേതൃത്വത്തിലാണ് സ്ഥാനാർത്ഥികളുടെ ഫോട്ടോ പതിച്ച ബോട്ടിൽ സാനിറ്റൈസർ വിതരണം ചെയ്യുന്നത്. പാർട്ടി ചിഹ്നങ്ങൾ ആലേഖനം ചെയ്ത ബോട്ടിലുകൾക്ക് ആവശ്യക്കാർ കൂടിവരികയാണ്.
നേരത്തെ സ്ഥാനാർത്ഥികളുടെ ഫോട്ടോ പതിച്ച തുണി മാസ്ക്കുകൾ വലിയ പ്രചാരം കിട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ചിഹ്നങ്ങൾ പതിച്ച സാനിറ്റൈസർ ബോട്ടിലുകൾ വിപണിയിലെത്തുന്നത്. സ്ഥാനാർത്ഥികളുടെ ചിഹ്നത്തിന് പുറമെ ഫോട്ടോയും ആവശ്യമെങ്കിൽ അത്തരത്തിലുള്ള സാനിറ്റൈസർ ബോട്ടിലുകളിലും റെഡിയാണ്. ആദ്യഘട്ടത്തിൽ തൃശൂർ ജില്ലയിൽ മാത്രമായിരുന്നു. എന്നാൽ കോഴിക്കോട്, കണ്ണൂർ,തിരുവനന്തപുരം, എറണാകുളം, തുടങ്ങി ഒട്ടുമിക്ക ജില്ലകളിൽ നിന്നും ഓർഡർ ലഭിച്ചു തുടങ്ങിയിട്ടുണ്ടെന്ന് ശ്രീജിത്ത് പറയുന്നു. ബംഗ്ലൂരിൽ നിന്നാണ് ഇത്തരം സാനിറ്റൈസർ ബോട്ടിലുകൾ തയ്യാറാക്കുന്നത്. 500മില്ലി ബോട്ടിലിന് 15 രൂപയാണ് വില. വില്പന ആരംഭിച്ച് ആഴ്ചകൾ പിന്നീട്ടതോടെ 5000ത്തിലേറെ ബോട്ടിലുകൾ വിറ്റുപോയിട്ടുണ്ട്. ലഭിച്ച രണ്ടായിരത്തിലധികം ഓർഡറുകൾക്ക് എത്തിക്കാനുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള ഇത്തരം പ്രചാരണങ്ങൾക്ക് വോട്ടർമാരിൽ നല്ല പ്രതികരണമാണ്. അവ വോട്ടാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ.
"കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉതകുന്നതാണ് സാനിറ്റൈസർ ബോട്ടിലുകൾ. തൃശ്ശൂർ ജില്ലയിൽ എൽ.ഡി.എഫിന് 5000ത്തോളം ബോട്ടിലുകൾ വിതരണം ചെയ്തിട്ടുണ്ട്. കോഴിക്കോട് നിന്ന് വിവിധ മുന്നണികളുടെ ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ഓർഡറുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഉപയോഗശേഷം വീണ്ടും സാനിറ്റൈസർ നിറച്ച് ഉപയോഗിക്കാൻ കഴിയും'- ശ്രീജിത്ത് ശ്രീധർ