കണ്ണൂർ: വടക്കേ ഇന്ത്യയിലെ ലഡാക്ക് എന്നും തർക്കഭൂമിയാണ്. ഇങ്ങ് തെക്കറ്റത്തുള്ള കേരളത്തിലെ ലഡാക്കിനുമുണ്ട് മറ്റൊരു പ്രശ്നം. കണ്ണൂർ ജില്ലയിൽ ഉദയഗിരി പഞ്ചായത്തിലെ ആറാം വാർഡായ കേരളത്തിന്റെ സ്വന്തം ലഡാക്കിൽ ഇത്തവണത്തെ പൊടിപാറും മത്സരത്തിനാണ് അരങ്ങൊരുങ്ങുന്നത്.
ഭരണ സമിതിയിലെ പ്രസിഡന്റും വൈസ് പ്രസിഡന്റും ലഡാക്കിനായി ഇവിടെ നേർക്കുനേർ പോരാടുകയാണ്. അഞ്ചുവർഷം ഒരുമിച്ചിരുന്ന് ഒരു മനസോടെ പഞ്ചായത്തിന്റെ വികസന പ്രവർനങ്ങൾക്ക് നേതൃത്വം കൊടുത്ത മുൻ പ്രസിഡന്റ് മിനി മാത്യുവും വൈസ് പ്രസിഡന്റ് സിജോ ജോർജുമാണ് ലഡാക്ക് വാർഡിൽ ഏറ്റുമുട്ടുന്നത്.
മുന്നണി മാറ്റത്തിന്റെ ഭാഗമായി എതിർ കക്ഷികളായാണ് പോരിന് പടച്ചട്ട അണിയുന്നത്. കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ പ്രതിനിധി ആയാണ് സിജോ ജോർജ് വൈസ് പ്രസിഡന്റും കോൺഗ്രസ് പ്രതിനിധി മിനി മാത്യു പ്രസിഡന്റുമായത്. എന്നാൽ മാണി വിഭാഗം കേരള കോൺഗ്രസ് ഇടത്തോട്ട് ചാടിയപ്പോഴാണ് മുൻ പ്രസിഡന്റും വൈസ് പ്രസിഡന്റും ലഡാക്ക് പിടിക്കാനിറങ്ങിയത്.
മിനി മാത്യു കഴിഞ്ഞ തവണ 45 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ലഡാക്കിൽ ജയിച്ചത്. ഇത്തവണ വാർഡിൽ മുസ്ലീം ലീഗ് റിബലും ബി.ജെ.പിയും മത്സര രംഗത്തുണ്ട്. കൂടാതെ വൺ ഇന്ത്യ, വൺ പെൺഷൻ എന്ന സംഘടനയുടെ പ്രതിനിധിയും മത്സരിക്കുന്നുണ്ട്. അങ്ങനെ തന്റെ ജനമനസ് ആർക്കൊപ്പം നിറുത്തണമെന്ന ആശയക്കുഴപ്പത്തിലാണ് ലഡാക്കിപ്പോൾ.