മുംബയ്: ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ കൂട്ടിച്ചേർത്ത് ഒറ്റ രാജ്യമാക്കാനുളള നീക്കം ബി ജെ പി നടത്തുകയാണെങ്കിൽ എൻ സി പി സ്വാഗതം ചെയ്യുമെന്ന് മഹാരാഷ്ട്ര മന്ത്രിയും എൻ സി പി വക്താവുമായ നവാബ് മാലിക്. ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും യോജിപ്പിക്കണമെന്ന് നാം പറഞ്ഞു കൊണ്ടേയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കറാച്ചി ഇന്ത്യയുടെ ഭാഗമാകുന്ന കാലം വരുമെന്ന മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
' കറാച്ചി ഇന്ത്യയുടെ ഭാഗമാകുന്ന കാലം വരുമെന്ന് ദേവേന്ദ്രജി പറയുന്നു. ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും യോജിപ്പിക്കണമെന്ന് നാം പറഞ്ഞു കൊണ്ടിരിക്കുന്നു. ബെർലിൻ മതിൽ തകർക്കാമെങ്കിൽ ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും ലയിപ്പിക്കാൻ നമുക്ക് സാധിക്കില്ലേ? മൂന്ന് രാജ്യങ്ങളും ഒന്നിച്ച് ചേർത്ത് ഒറ്റ രാജ്യമാക്കാൻ ബി ജെ പി താത്പര്യപ്പെടുന്നുണ്ടെങ്കിൽ ഞങ്ങളതിനെ തീർച്ചയായും സ്വാഗതം ചെയ്യും.' എന്നാണ് നവാബ് മാലിക്ക് പറയുന്നത്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ശിവസേനയും കോൺഗ്രസുമായി സഹകരിച്ച് മത്സരിക്കാൻ എൻ സി പിയ്ക്ക് താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എൻ സി പിയെ കൂടുതൽ ശക്തിപ്പെടുത്തുകയാണെന്നും നിലവിൽ ഭരണം നിർവഹിക്കുന്ന മൂന്ന് കക്ഷികളും സഹകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്നും നവാബ് മാലിക് കൂട്ടിച്ചേർത്തു.
കൊവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാൻ ആരോഗ്യവകുപ്പ് ഉപദേശകസമിതിയെ നിയോഗിച്ചു. മഹാരാഷ്ട്രയിൽ സ്ഥിതി നിയന്ത്രണവിധേയമായതിനാൽ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ട ആവശ്യം നിലവിലില്ലെന്നും നവാബ് മാലിക് അറിയിച്ചു.