ധർമ്മശാല : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് മാതൃക യായിരിക്കുകയാണ് ഒരു 52 കാരൻ. താമസിക്കുന്ന ഗ്രാമത്തിൽ താനൊഴികെ എല്ലാവർക്കും കൊവിഡ് വന്നപ്പോഴും പരിശോധനയിൽ നെഗറ്റീവായിരിക്കുകയാണ് ഭൂഷൺ താക്കൂർ എന്ന 52കാരൻ. ഹിമാചൽ പ്രദേശിലെ ലാഹോൾസ്പിതി ജില്ലയിലെ ഒരു വിദൂര ഗ്രാമത്തിലാണ് ഒരാളൊഴികെ ബാക്കിയെല്ലാവർക്കും കൊവിഡ് പോസിറ്റീവായിരിക്കുന്നത്. ഭൂഷൺ താക്കൂറിന്റെ വീട്ടിലുള്ള ആറു പേർക്കും പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ കൃത്യമായ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചതാണ് തന്നെ രക്ഷിച്ചതെന്നാണ് ഭൂഷൺ താക്കൂറിന്റെ പക്ഷം. താൻ സ്ഥിരമായി മാസ്ക് ധരിക്കുകയും സാനിട്ടൈസർ ഉപയോഗിക്കുകയും ചെയ്യും, ഇതിനൊപ്പം സാമൂഹിക അകലം പാലിക്കുക കൂടി ചെയ്തതോടെയാണ് കൊവിഡിനെ അകറ്റി നിർത്താനായതെന്ന് അഭിമാനത്തോടെ ഭൂഷൺ താക്കൂർ പറയുന്നു.
ഭൂഷൺ താക്കൂറിന്റെ ഗ്രാമത്തിലെ ആകെ ജനസംഖ്യ 160 ആണ്. ശൈത്യം കടുക്കുന്നതോടെ ഇതിൽ നല്ല പങ്കും ഇവിടം വിട്ടു പോകും. ഇപ്പോൾ 42 പേരാണ് ഇവിടെ താമസക്കാരായുള്ളത്. ഇതിൽ ഭൂഷൺ താക്കൂറ് ഒഴിച്ച് 41 പേർക്കും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കൊവിഡ് ബാധിച്ച കുറച്ചു പേർ ഇപ്പോൾ നെഗറ്റീവായിട്ടുണ്ട്. കഴിഞ്ഞ മാസം പതിമൂന്നിന് ഈ ഗ്രാമത്തിൽ വച്ച് ഒരു മതസമ്മേളനം നടന്നിരുന്നു ഇതാണ് അണുബാധയുടെ വ്യാപനത്തിന് കാരണമായതെന്നാണ് കരുതുന്നത്.