ഇന്ന് ബോളിവുഡ് താരസുന്ദരിമാർ തെന്നിന്ത്യൻ സിനിമ കീഴടക്കി കൊണ്ടിരിക്കുന്ന കാലമാണ് . തെന്നിന്ത്യൻ നടിമാർക്ക് ബോളിവുഡിൽ ചേക്കേറാനാവുകയെന്നത് ബാലികേറാ മാലയാണ്. എങ്കിലും ഇതിനൊരു അപവാദമായിരുന്നു രേഖ,വൈജയന്തി മാല, ഹേമമാലിനി, ശ്രീദേവി, ജയപ്രദ തുടങ്ങിയവർ . അവർ ഹിന്ദി സിനിമാ പ്രേമികളുടെ മാനസം കീഴടക്കി ബോളിവുഡിലെ താര റാണിമാരായി. ഇവർക്കൊക്കെ ബോളിവുഡിലേക്കുള്ള ഗേറ്റ് പാസ് തെന്നിന്ത്യൻ സിനിമകളായിരുന്നു . പ്രത്യേകിച്ച് തമിഴ് തെലുങ്കു സിനിമകൾ. ഇവരുടെ പിൻഗാമിയായി തെലുങ്കാനയിൽ നിന്നും ഒരു സുന്ദരി കൂടി ബോളിവുഡ് കീഴടക്കാൻ കച്ചകെട്ടി എത്തിയിരിക്കുന്നു. പ്രശസ്ത തെലുങ്കു സിനിമാ നിർമ്മാതാവും സംവിധായകനുമായ സജിത്ത് ഖുറേഷിയുടെ പുത്രിയായ അമ്രിൻ ഖുറേഷിയാണ് ബോളിവുഡിൽ ചുവടുറപ്പിക്കാൻ ഒരുങ്ങുന്നത്. പ്രമുഖ സംവിധായകൻ രാജ്കുമാർ സന്തോഷിയുടെ 'ബാഡ് ബോയ് ' എന്ന സിനിമയിലൂടെയാണ് ബോളിവുഡ് അരങ്ങേറ്റം നടത്തുന്നത് .തെലുങ്കിൽ വൻവിജയം നേടിയ 'സിനിമാ ചൂപിസ്ത മാവ ' എന്ന സിനിമയുടെ ഹിന്ദി പുനരാവിഷ്കാരമാണ് ഈ ചിത്രം . മിഥുൻ ചക്രവർത്തിയുടെ പുത്രൻ നമാഷ് ചക്രവർത്തിയാണ് അമ്രിന്റെ നായകൻ. നമാഷിന്റേയും അരങ്ങേറ്റ ചിത്രമാണ് 'ബാഡ് ബോയ് '. ഈ സിനിമയുടെ ചിത്രീകരണം ജനുവരിയിൽ തുടങ്ങുമെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ മറ്റൊരു ഹിന്ദി ചിത്രവും അമ്രിൻ ഖുറേഷിയെ തേടയെത്തിയിരിക്കുകയാണ്. അല്ലു അർജ്ജുന്റെ ബ്ലോക്ക് ബസ്റ്റർ സിനിമ 'ജൂലൈ' യുടെ ഹിന്ദി പുനഃരാവിഷ്കാരമായ പേരിടാ ചിത്രമാണ് അമ്രിൻ നായികയാവുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രം. അന്തോണി ഡിസൂസയാണ് സംവിധായകൻ.പഠനകാലത്തു തന്നെ അഭിനയം മനസിൽ കുറിച്ച അമ്രിൻ അതിനായുള്ള ഹോം വർക്കുകളും തുടങ്ങിയിരുന്നു. അതിനെക്കുറിച്ച് അമ്രിൻ പറയുന്നത്
"ഹൈദരാബാദിൽ പഠനം പൂർത്തിയാക്കിയ ഉടൻ അനുപം ഖേറിന്റെ ഇൻസ്റ്റിട്യൂട്ടിൽ ചേർന്ന് അഭിനയം പഠിച്ചു . അതിനു ശേഷം ഏതാനും അഭിനയ കളരികളിലും പങ്കെടുത്തതോടെ എന്റെ ആത്മവിശ്വാസം വർദ്ധിച്ചു . ഗ്ലാമറിനൊപ്പം അഭിനയവും എനിക്ക് നന്നായി വഴങ്ങും എന്ന് ബോധ്യപ്പെട്ട ശേഷമാണ് അവസരങ്ങൾക്കുള്ള അന്വേഷണം തുടങ്ങിയത് .രാജ്കുമാർ സന്തോഷി സർ പലവട്ടം ഓഡിഷൻ നടത്തിയ ശേഷമാണ് 'ബാഡ് ബോയി' യിലേക്ക് എന്നെ നായികയായി തിരഞ്ഞെടുത്തത്.."രാജ്കുമാർ സന്തോഷിയുടെ സിനിമയിലൂടെ ബോളിവുഡിൽ അരങ്ങേറ്റം നടത്താൻ അവസരം ലഭിച്ചത് മഹാഭാഗ്യമാണെന്ന് പറഞ്ഞ താരം മലയാളം ഉൾപ്പെടെയുള്ള മറ്റ് തെന്നിന്ത്യൻ ഭാഷകളിൽ അഭിനയിക്കാനുള്ള മോഹവും മറച്ചുവച്ചില്ല.
"സിനിമ എന്റെ പാഷനാണ് . ഭാഷാഭേദദമന്യേ എനിക്ക് തമിഴ് തെലുങ്കു സിനിമകളിൽ മാത്രമല്ല മലയാളത്തിലും അഭിനയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട് അതും സഫലമാവാൻ കാത്തിരിക്കയാണ് ഞാൻ.."
- അമ്രിൻ ഖുറേഷി