ന്യൂഡൽഹി: പൊലീസ് നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് തീരുമാനിച്ച സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ച് പ്രശസ്ത അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ. പാർട്ടിക്കുളളിലുൾപ്പടെ എതിർപ്പ് ശക്തമായതിനെ തുടർന്നാണ് പൊലീസ് നിയമ ഭേദഗതി നിയമസഭ കൂടി ചർച്ച ചെയ്ത ശേഷമേ നടപ്പാക്കൂ എന്ന് തീരുമാനിച്ചത്. സർക്കാരിന്റെ തീരുമാനം സന്തോഷം നൽകുന്നുവെന്നും ഇന്ത്യയിൽ സ്വതന്ത്രമായ പൊതുജനാഭിപ്രായത്തെ കേൾക്കുന്ന മുഖ്യമന്ത്രിമാർ ഇപ്പോഴുമുണ്ട് എന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്നും പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ കുറിച്ചു.
Glad to hear this @vijayanpinarayi. It is gratifying to learn that there are still some CMs who are sensitive to Independent public opinion https://t.co/95teH5OoUK
— Prashant Bhushan (@pbhushan1) November 23, 2020
അപകീർത്തികരമെന്ന് കരുതുന്ന സൈബർ ഇടപെടലുകൾക്ക് ജയിൽ ശിക്ഷ നൽകുന്ന തരത്തിൽ കേരളം നടപ്പാക്കുന്ന നിയമം ക്രൂരമാണെന്നും വിയോജിപ്പുകളെ നിശബ്ദമാക്കാൻ ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുമെന്നും ഇന്നലെ പ്രശാന്ത് ഭൂഷൺ അഭിപ്രായപ്പെട്ടിരുന്നു. നിയമത്തോട് മുൻ കേന്ദ്രമന്ത്രി പി. ചിദംബരവും വിയോജിച്ചിരുന്നു. ഇതോടെ നിയമം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു.