തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെട്ടിയിട്ട് പീഡിപ്പിച്ചെന്നെ കേസിൽ വഴിത്തിരിവ്. പീഡനം നടന്നിട്ടില്ലെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. പരസ്പര സമ്മതത്തോടെയുളള ലൈംഗിക ബന്ധമാണ് നടന്നതെന്ന പരാതിക്കാരി കോടതിയെ അറിയിച്ചു. പീഡനം നടന്നിട്ടില്ലെന്ന ഇരയുടെ സത്യവാങ്മൂലത്തെ തുടർന്ന് പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ഇരയുടെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഡി ജി പിക്ക് ഹൈക്കോടതി നിർദേശം നൽകി. കൊവിഡ് സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി കെട്ടിയിട്ട് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.
മലപ്പുറത്ത് വീട്ടുജോലിക്ക് പോയ ശേഷം തിരികെയെത്തിയതോടെ ക്വാറന്റീനിലായിരുന്നു യുവതി. കുളത്തൂപ്പുഴ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ പരിശോധനയിൽ കൊവിഡില്ലെന്ന് സ്ഥിരീകരിച്ചു. ഈ സർട്ടിഫിക്കറ്റിനായി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് കുമാറിനെ വിളിച്ചപ്പോൾ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. മൂന്നാം തീയതി ഉച്ചയ്ക്ക് ശേഷം ഭരതന്നൂരിലെ വീട്ടിലെത്തിയപ്പോൾ അന്ന് രാത്രി മുഴുവൻ കെട്ടിയിട്ട് പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവതി പൊലീസിൽ നൽകിയിരുന്ന പരാതി.