കോട്ടയം : അഴിമതിയ്ക്കും കൈക്കൂലിക്കുമെതിരെ പോരാട്ടം പ്രഖ്യാപിച്ച് കോട്ടയത്ത് ആദ്യമായി രംഗത്തെത്തിയ കിഴക്കമ്പലം മോഡൽ ട്വന്റി - ട്വന്റി കൂട്ടായ്മ "വളരുന്നതിന് മുൻപേ പിളർന്നു. കേരള കോൺഗ്രസ് വിഭാഗങ്ങളെപ്പോലെ നേതാക്കളുടെ പേരിന്റെ ബ്രായ്ക്കറ്റില്ലാതെയാണ് പിളർപ്പ്. എങ്കിലും ഒറിജിനൽ തങ്ങളെന്നാണ് ഇരുവിഭാഗവും അവകാശപ്പെടുന്നത്. പ്രബല വിഭാഗം കോട്ടയം നഗരസഭയിൽ പത്തു സ്ഥാനാർത്ഥികളെ മത്സരത്തിറക്കിയപ്പോൾ എതിർവിഭാഗം പ്രഖ്യാപിച്ച മൂന്നു സ്ഥാനാർത്ഥികളുടെ തിരഞ്ഞടുപ്പ് ചെലവിലേക്ക് രണ്ടേകാൽ ലക്ഷം രൂപ കണ്ടെത്തുന്നതിനായി പൊതുജന സംഭാവന സ്വീകരിക്കുന്നതിന് ബാങ്ക് അക്കൗണ്ട് നമ്പർ വച്ചുള്ള അഭ്യർത്ഥന പുറത്തിറക്കി. 10600 രൂപ ഇതുവരെ സംഭാവന ലഭിച്ച കണക്കുംവച്ചിട്ടുണ്ട്.
പണപ്പിരിവിന്റെ കാര്യം വിവരിക്കുന്ന അഭ്യർത്ഥനയ്ക്ക് ജനകീയ കൂട്ടായ്മ കോട്ടയം ട്വന്റിട്വന്റിയുമായ് ബന്ധമില്ലെന്നും പൊതുജനങ്ങൾ വഞ്ചിതരാകരുതെന്നുമുള്ള എതിർ പ്രസ്താവനയുമായി പ്രബല വിഭാഗം രംഗത്തെത്തിയതോടെ ഏതാണ് ഒറിജിനൽ ഏതാണ് ഡ്യൂപ്ലിക്കേറ്റ് എന്നറിയാതെ കൺഫ്യൂഷനിലാണ് പാവം വോട്ടർമാർ. കോട്ടയത്ത് സ്വപ്നനഗരം പണിയുമെന്ന് പ്രഖ്യാപിച്ച് 22 ഇന പ്രകടനപത്രികയാണ് ജനകീയ കൂട്ടായ്മ ഇറക്കിയത്. പത്തു സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിൽ സാമ്പത്തിക ബുദ്ധിമുട്ടുള്ള സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് ചെലവിനുള്ള കാശ് ഭാരവാഹികൾ പിരിവെടുത്താണ് നൽകുന്നതെന്ന് പ്രസിഡന്റ് അഡ്വ.സന്തോഷ് കണ്ടംചിറ അറിയിച്ചു.
സിറ്റിംഗ് കൗൺസിലർ അടക്കം സ്ഥാനാർത്ഥികൾ
രാഷ്ട്രീയം തൊഴിലാക്കാതെ മറ്റു തൊഴിലോ ജീവിതമാർഗമോ ഉള്ളവരെയാണ് സ്ഥാനാർത്ഥി ആക്കിയിട്ടുള്ളത്.അഴിമതി, സ്വഭാവദൂഷ്യ ആരോപണം ഉളളവരാകരുത്, സേവന മനസ്ഥിതിക്കാരും ധാർമ്മികത പുലർത്തുന്നവരുമാകണം. കൗൺസിലറായാൽ സംഘടനയുടെ നിർദ്ദേശ പ്രകാരമേ പ്രവർത്തിക്കൂ എന്ന ഉറപ്പ് നൽകണം. കൗൺസിലർക്കെതിരെ എന്തെങ്കിലും ആരോപണം ഉയരുകയോ വോട്ടർമാർ അതൃപ്തി രേഖപ്പെടുത്തുകയോ ചെയ്താൽ രാജിവയ്ക്കണം. തുടങ്ങിയ നിബന്ധനകൾ അംഗീകരിച്ച് സിറ്റിംഗ് കൗൺസിലർ ജയശ്രീ അടക്കം പത്തുസ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. കെറ്റിൽ ചിഹ്നമാണ് സ്ഥാനാർത്ഥികൾക്കെല്ലാം അനുവദിച്ചിട്ടുള്ളത്.