തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് കുട്ടികളിൽ പിടിമുറുക്കി പുതിയ രോഗം.
മൾട്ടി സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രം എന്ന രോഗാവസ്ഥയാണ് വില്ലനായിരിക്കുന്നത്. കൊവിഡ് ബാധയ്ക്ക് ശേഷം
ചില കുട്ടികളെ ശാരീരികമായി അപ്പാടെ തളർത്താൻ ഇത് കാരണമാകുമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. 13വയസിൽ താഴെ പ്രായമുള്ള കുട്ടികളിലാണ് ഇതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. കൊവിഡ് അതിതീവ്രമായ മഹാരാഷ്ട്ര,തമിഴ്നാട്,ഡൽഹി എന്നിവിടങ്ങൾക്കു പിന്നാലെ കേരളത്തിലും സമാനമായ കേസുകൾ പെരുകുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എസ്.എ.ടി ആശുപത്രിയിൽ ഇതിനോടകം 26 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്തുടനീളം 60 മുതൽ 90വരെ കുട്ടികൾ മൾട്ടി സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രത്തിൻെറ ഭാഗമായി ചികിത്സതേടി. ഏപ്രിൽ അവസാനവാരം കോഴിക്കോട്ടാണ് ആദ്യകേസ് റിപ്പോർട്ട് ചെയ്തത്. എല്ലാ വൈറസ് ബാധയ്ക്ക് ശേഷവും ചില കുട്ടികളിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകുമെങ്കിലും കൊവിഡിന് ശേഷം ഇത് വർദ്ധിച്ചിരിക്കുകയാണെന്ന് ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നു. വൈറസ് ബാധിച്ച് മൂന്നാഴ്ചയ്ക്ക് ശേഷമാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്.
കരുതിയിരിക്കണം
പനി, വയറുവേദന, ശരീരത്തിൽ നീർവീക്കം, വയറിളക്കം, കണ്ണിലും വായിലും ചുവപ്പ്, ശരീരത്തിലെ ചുവന്ന പാടുകൾ, എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ഹൃദയത്തിന്റെ പേശികളെ ബാധിക്കുന്ന അവസ്ഥ, വൃക്കയെയും കരളിനെയും ബാധിക്കൽ, രക്തസമ്മർദ്ദം കുറയൽ എന്നീ ഗുരുതരാവസ്ഥയിലേക്കും രോഗം മാറാനിടയുണ്ട്. ചികിത്സ വൈകിയാൽ ഹൃദയം,വൃക്ക,കരൾ എന്നിവയുടെ പ്രവർത്തനം തകരാറിലാകും. ഇത് അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും.
കൊവിഡിനെ അറിയുന്നില്ല
സംസ്ഥാനത്ത് ഇതുവരെ മൾട്ടി സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രത്തിന് ചികിത്സതേടിയ കുട്ടികൾ പലരും കൊവിഡ് ബാധ തിരിച്ചറിഞ്ഞിരുന്നില്ല. പെട്ടന്നുണ്ടായ ശാരീരികമായ മറ്റു പ്രശ്നങ്ങൾ കാരണം ചികിത്സ തേടിയപ്പോൾ നടത്തിയ ആന്റിബോഡി പരിശോധനയിലൂടെയാണ് കൊവിഡ് വന്നുപോയതായി കണ്ടെത്തിയത്.
'കൊവിഡ് ബാധിതരായതും അല്ലാത്തതുമായ കുട്ടികളിൽ പ്രത്യേക ശ്രദ്ധവേണ്ട സമയമാണിത്. ഏന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടായാൽ ഡോക്ടറെ കാണണം.'
- ഡോ.പദ്മനാഭഷേണായി
റുമറ്റോളജിസ്റ്റ്, കൊച്ചി