മുംബയ്: ഒക്ടോബര്‍ മാസത്തെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ വന്‍ ഇടിവ്. ഇത് തുടര്‍ച്ചയായ ഏഴാം മാസമാണ് ക്രൂഡ് ഇറക്കുമതിയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. ജൂലായ്ക്ക് ശേഷമുളള ഏറ്റവും ഉയര്‍ന്ന ഇടിവാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. രാജ്യത്തെ കൊവിഡ് രോഗവ്യാപനം കുറയാതെ നില്ക്കുന്നതും, പെട്രോളിയം ഉപഭോഗത്തിലുണ്ടാകുന്ന കുറവുമാണ് ഇറക്കുമതി കുറയാന്‍ കാരണം.
പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിന്റെ കീഴിലുളള പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലാണ് (പി.പി.എസി) വിവരങ്ങള്‍ പുറത്തുവിട്ടത്. ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യവും ഉപഭോക്താവുമായ ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി മുന്‍ വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച 21.6 ശതമാനം ഇടിവോടെ 15.14 മില്യണ്‍ ടണ്ണായി മാറി (3.58 ദിനംപ്രതി മില്യണ്‍ ബാരല്‍).
''വര്‍ദ്ധിച്ചുവരുന്ന കൊവിഡ് കേസുകള്‍ കാരണം, ടയര്‍ രണ്ട്, ടയര്‍ മൂന്ന് നഗരങ്ങളിലെ യാത്രകള്‍ ഇപ്പോഴും ഒഴിവാക്കപ്പെടുന്നു, കൂടാതെ വിമാന സര്‍വീസുകള്‍ പൂര്‍ണ്ണതോതില്‍ പുന:സ്ഥാപിക്കാത്തതും ഉപഭോഗം കുറയാനിടയാക്കുന്നു, ''മുംബയിലെ നിര്‍മ്മല്‍ ബാംഗ് കമ്മോഡിറ്റീസിലെ ഗവേഷണ മേധാവി കുനാല്‍ ഷാ പറഞ്ഞു.
എണ്ണ ഉല്പന്നങ്ങളുടെ ഇറക്കുമതി ഒക്ടോബറില്‍ 53 ശതമാനം ഇടിഞ്ഞ് 1.65 ദശലക്ഷം ടണ്ണായി. ശുദ്ധീകരിച്ച ഉല്പന്നങ്ങളുടെ കയറ്റുമതി ഒക്ടോബറില്‍ 35.7 ശതമാനം ഇടിഞ്ഞ് 3.84 ദശലക്ഷം ടണ്ണായി. സെപ്തംബറിലെ 4.80 ദശലക്ഷം ടണ്ണില്‍ നിന്ന് 20 ശതമാനമാണ് കുറഞ്ഞത്.