മധുരൈ:ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ് നടൻ തവസി അന്തരിച്ചു. മധുരൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. തമിഴ് സിനിമയിൽ ഹാസ്യം,നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ ഏറെ ജനശ്രദ്ധനേടിയ നടനായിരുന്നു തവസി.
ചികിത്സാ സഹായം ആവശ്യപ്പെട്ട് തവസി പങ്കുവച്ച വീഡിയോ നേരത്തെ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. തവസിയുടെ ദയനീയസ്ഥിതി കണ്ട തിരുപ്പറൻകുൻട്രം എംഎൽഎയും, തവസി ചികിത്സയിൽ കഴിഞ്ഞിരുന്ന ആശുപത്രിയുടെ ഉടമയുമായ ഡോ. പി ശരവണൻ അദ്ദേഹത്തിന്റെ ചികിത്സ സൗജന്യമായിരിക്കുമെന്ന് പ്രഖ്യാപിച്ചു. പിന്നാലെ നടൻ രജനീകാന്തും ശിവകാർത്തിയേകനും ചികിത്സയ്ക്ക് ആവശ്യമായ സഹായം നൽകി.
''കിഴക്കുചീമയിലൈ മുതൽ രജനീകാന്തിന്റെ അണ്ണാത്തെ എന്ന സിനിമയിൽ വരെ 30 വർഷക്കാലമായി നിരവധി സിനിമകളിൽ ഞാൻ അഭിനയിച്ചു. ഒരിക്കലും ഇങ്ങനെ ഒരു അസുഖം എനിക്ക് വരുമെന്നോ ആരോഗ്യസ്ഥിതി ഇത്രയ്ക്ക് മോശമാകുമെന്നോ ഞാൻ കരുതിയതേയില്ല. ഇപ്പോൾ എനിക്ക് നന്നായി സംസാരിക്കാൻ പോലുമാകുന്നില്ല. എന്റെ കൂടെ അഭിനയിച്ചിരുന്ന അഭിനേതാക്കളോടാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്. എന്നെ സഹായിക്കണം. എനിക്കിനിയും അഭിനയിക്കണം'' ചികിത്സാ സഹായം ആവശ്യപ്പെട്ട് തവസി വീഡിയോയിൽ പറഞ്ഞിരുന്നു.