തിരുവനന്തപുരം: പൊലീസ് ആക്ട് ഭേദഗതി ഓർഡിനൻസ് മാദ്ധ്യമ സ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണെന്ന ആക്ഷേപമുയർന്നപ്പോൾ നിയമ ഭേദഗതി നടപ്പാക്കാനുദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്, സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള തന്ത്രം മാത്രമാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു. സി.പി.എം ജനറൽ സെക്രട്ടറി ഉൾപ്പെടെ വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിൽ തടിതപ്പാനുള്ള ശ്രമമാണിത്.കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയകക്ഷികളും മാദ്ധ്യമങ്ങളും മനുഷ്യാവകാശ പ്രവർത്തകരും ഒരു പോലെ ആവശ്യപ്പെട്ടത് ഈ കരിനിയമം പിൻവലിക്കണമെന്നാണ്. ഭരണഘടനയുടെ 213(2) അനുസരിച്ച് ഈ ഓർഡിനൻസ് റിപ്പീൽ ചെയ്യാനുള്ള നടപടിയാണുണ്ടാവേണ്ടത്. ഈ മാദ്ധ്യമ മാരണ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നാളെ (25) രാവിലെ 10 മുതൽ 11 വരെ സംസ്ഥാനത്തെ എല്ലാ വാർഡുകളിലും പ്രതിഷേധ ധർണ നടത്തുമെന്നും എം.എം.ഹസൻ അറിയിച്ചു.