തിരുവനന്തപുരം: പൊലീസിന് നൽകിയ അമിതാധികാരം മുഖ്യമന്ത്രി തിരിച്ചെടുക്കുന്നത് ഇത് രണ്ടാം വട്ടമാണ്. മജിസ്ട്രേറ്റിന്റെ അനുവാദമില്ലാതെ മാനനഷ്ടക്കേസെടുക്കാൻ പൊലീസ് ആക്ട് ഭേദഗതിയിലൂടെ അധികാരം നൽകിയെങ്കിലും വിവാദമായപ്പോൾ തലയൂരി. തിരുവനന്തപുരത്തും കൊച്ചിയിലും മജിസ്റ്റീരിയൽ അധികാരങ്ങളോടെ പൊലീസ് കമ്മിഷണറേറ്റ് രൂപീകരിക്കാനുള്ള തീരുമാനമാണ് മുന്നണിയിൽ പ്രതിഷേധമുയർന്നതോടെ നടപ്പാക്കാനാവാതെ പോയത്. ഗുണ്ടാനിയമം ചുമത്താനും ഒരു വർഷം വരെ കരുതൽ തടങ്കലിലാക്കാനും വെടിവയ്പിന് ഉത്തരവിടാനും നിലവിൽ കളക്ടറിൽ നിക്ഷിപ്തമായ മജിസ്റ്റീരിയൽ അധികാരങ്ങൾ ഐ.പി.എസുകാർക്ക് നൽകിയാണ് കമ്മിഷണറേറ്റ് രൂപീകരിക്കാനൊരുങ്ങിയത്. പൊലീസിന് അമിതാധികാരം നൽകുന്നത് പൊലീസ്രാജിനും ക്രമസമാധാന തകർച്ചയ്ക്കും ഇടയാക്കുമെന്ന് ഐ.എ.എസുകാർ നിലപാടെടുത്തതോടെ സർക്കാർ പ്രതിരോധത്തിലായി. കൊച്ചിയിലും തിരുവനന്തപുരത്തും ഐ.ജിമാരെ സിറ്റി പൊലീസ് കമ്മിഷണർ തസ്തികയിൽ നിയമിച്ചതല്ലാതെ, തുടർ നടപടികളൊന്നുമായില്ല.
ജസ്റ്റിസ് കെ.ടി. തോമസ് കമ്മിഷന്റെ ശുപാർശ പ്രകാരമാണ് തിരുവനന്തപുരത്തും കൊച്ചിയിലും മെട്രോപൊളിറ്റൻ കമ്മിഷണറേറ്റ് രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചത്. ഐ.ജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ ഈ നഗരങ്ങളിൽ മജിസ്റ്റീരിയൽ അധികാരത്തോടെ കമ്മിഷണർമാരാകുമെന്നായിരുന്നു തീരുമാനം. ഗുണ്ടാനിയമം ചുമത്താൻ പൊലീസിന് അധികാരം നൽകിയാൽ രാഷ്ട്രീയക്കാർക്കെതിരെയടക്കം കാപ്പ ചുമത്താനിടയുണ്ടെന്ന് വിമർശനമുയർന്നു. ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് നല്ലനടപ്പ് ബോണ്ട് നൽകാനും ഒരു ലക്ഷം പിഴയിടാനും മജിസ്ട്രേറ്റിനുള്ള അധികാരം പൊലീസിന് നൽകുന്നതിനെയും കുറ്റകൃത്യം ചെയ്താൽ ഒരുലക്ഷം പിഴയിടാനും ഉദ്യോഗസ്ഥന്റെ മനോധർമ്മം പോലെ അറസ്റ്റിനും അധികാരം നൽകുന്നതിനെയും ഘടകകക്ഷികൾ എതിർത്തു. കേസിൽ പ്രതിയല്ലാത്തവരെയും പൊലീസ് അറസ്റ്റ് ചെയ്യുമെന്നും പൊലീസ്രാജിന് വഴിവയ്ക്കുമെന്നും ആശങ്കയുയർന്നതോടെ കമ്മിഷണറേറ്റ് രൂപീകരണത്തിൽ നിന്ന് മുഖ്യമന്ത്രി പിന്മാറി.
തിരിച്ചടി ഇതാദ്യമല്ല
പൊലീസ് തലപ്പത്തുള്ളവരെ മാത്രം വിശ്വസിച്ചത് മുഖ്യമന്ത്രിക്ക് തിരിച്ചടിയാവുന്നത് ഇതാദ്യമല്ല. കൊവിഡിനെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങൾ തടയണമെന്ന സദുദ്ദേശ്യം കഴിഞ്ഞ സെപ്തംബറിലെ കൊവിഡ് അവലോകന യോഗത്തിൽ ഉയർന്നപ്പോൾ, വ്യാജവാർത്തകൾ മൊത്തത്തിൽ നിയന്ത്രിക്കാമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർദ്ദേശംവച്ചു. അത് മുഖ്യമന്ത്രി കണ്ണുമടച്ച് അംഗീകരിച്ചു. വ്യാജവാർത്ത നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയാനും അതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനും എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി. സമൂഹമാദ്ധ്യമങ്ങളിലെ വ്യാജ വാർത്തകൾ കണ്ടെത്താൻ നിലവിൽ പൊലീസ് സൈബർ സംഘമുണ്ട്. പത്രങ്ങളിലും ചാനലുകളിലും വരുന്ന വാർത്തയുടെ സത്യസന്ധത പൊലീസ് ഏത് അളവുകോൽ ഉപയോഗിച്ചു പരിശോധിക്കുമെന്ന് ഉന്നത പൊലീസുദ്യോഗസ്ഥർ സംശയമുന്നയിച്ചതോടെ, ഡിജിപിക്ക് മറുപടിയില്ലാതായി.
സ്വർണക്കടത്ത് കേസിൽ സ്വപ്നയുമായി പൊലീസുദ്യോഗസ്ഥരുടെ ബന്ധം പ്രസിദ്ധീകരിച്ച മാദ്ധ്യമങ്ങൾക്കെതിരെ കേസെടുക്കാനും നീക്കമുണ്ടായി. പൊലീസ് സംഘടനാ നേതാവ് സ്വർണക്കടത്ത് പ്രതി സന്ദീപിനെ രക്ഷിച്ചെടുത്തത് പിന്നാലെ പുറത്തായി. സ്വപ്നയുടെ സഹോദരന്റെ വിവാഹസത്കാരത്തിൽ ഉന്നതർ പങ്കെടുത്തതും കേസൊതുക്കാനുള്ള നീക്കങ്ങളുമെല്ലാം പുറത്തുവന്നതോടെ പച്ചക്കൊടി കാട്ടിയ ആഭ്യന്തര വകുപ്പ് പതുക്കെ പിൻവലിഞ്ഞു. സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പിലെ തീപിടിത്തത്തിൽ അട്ടിമറി സംശയിച്ച് വാർത്ത നൽകിയ മാദ്ധ്യമങ്ങൾക്കെതിരെ കേസെടുക്കാനും പൊലീസ് നീക്കം തുടങ്ങി. എന്നാൽ ഷോർട്ട് സർക്യൂട്ടല്ല തീപിടിത്തത്തിന് കാരണമെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതോടെ, ആ നീക്കവും പൊളിഞ്ഞു.