തിരുവനന്തപുരം: കാർഷിക, കാർഷികേതര മേഖലകളിലായി തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയെടുത്ത് പത്തുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഇടതുമുന്നണി പ്രകടനപത്രിക. 'വികസനത്തിന് ഒരു വോട്ട്, സാമൂഹ്യമൈത്രിക്ക് ഒരു വോട്ട്' എന്നാണ് മുദ്രാവാക്യം. സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
കൊവിഡ് വാക്സിൻ ഫലപ്രദമായി ജനങ്ങൾക്ക് ലഭ്യമാക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു. ജനുവരി ഒന്നു മുതൽ ക്ഷേമപെൻഷൻ 1500 രൂപയായി ഉയർത്തും. 60 വയസുകഴിഞ്ഞ എല്ലാവർക്കും പെൻഷൻ നൽകും. ലൈഫ് മിഷനിൽ വീടുകിട്ടാത്ത അഞ്ചുലക്ഷം പേർക്ക് വീട് ഉറപ്പാക്കും. എല്ലാ വീടുകളിലും ഇന്റർനെറ്റെത്തിക്കുമെന്നും പ്രകടന പത്രിക അവകാശപ്പെടുന്നു.
മറ്റ് പ്രധാന വാഗ്ദാനങ്ങൾ
തരിശുരഹിത കേരളം ലക്ഷ്യമിട്ട് പ്രത്യേക പദ്ധതികളുണ്ടാക്കും. സംഘകൃഷി ഗ്രൂപ്പുകളുടെ എണ്ണം ഒന്നര ലക്ഷമാക്കും. ഈ സംഘങ്ങൾക്കെല്ലാം കാർഷികവായ്പ കുറഞ്ഞ പലിശയ്ക്ക് ലഭ്യമാക്കും. പലിശ സർക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും സംയുക്തമായി വഹിക്കും.
പ്രതിവർഷം അമ്പതിനായിരം കാർഷിക തൊഴിൽ സംരംഭങ്ങൾ വീതം ആരംഭിക്കും. ഇതിനായി 5000 കോടി രൂപ വായ്പ നൽകും.
കുടുംബശ്രീയുടെയും സഹകരണ സംഘങ്ങളുടെയും ആഭിമുഖ്യത്തിൽ അരി, വെളിച്ചെണ്ണ, ധാന്യമസാല പൊടികൾ, ഉപഭോക്തൃ ഉത്പന്നങ്ങൾ തുടങ്ങിയവ ഉത്പാദിപ്പിച്ച് ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കും.
തൊഴിലുറപ്പു പദ്ധതിയിൽ ചുരുങ്ങിയത് മൂന്നു ലക്ഷം പേർക്കുകൂടി തൊഴിൽ നൽകും. ജനുവരി ഒന്നിന് തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള ക്ഷേമനിധി നിലവിൽ വരും. മറ്റു പെൻഷനുകളില്ലാത്ത എല്ലാ അംഗങ്ങൾക്കും 60 വയസു മുതൽ പെൻഷൻ നൽകും. 75 ദിവസം തൊഴിലെടുത്ത മുഴുവൻപേർക്കും ഫെസ്റ്റിവെൽ അലവൻസിന് അർഹതയുണ്ടാകും
അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി അഭ്യസ്തവിദ്യർക്കുകൂടി സഹായകരമായ നിലയിൽ പരിഷ്കരിക്കും
പ്രതിഭാതീരം പദ്ധതി എല്ലാ മത്സ്യഗ്രാമങ്ങളിലും നടപ്പാക്കും.
ഒരു കോടി ഫലവൃക്ഷത്തൈകൾ വർഷം തോറും നട്ടുപിടിപ്പിക്കും.
20000 കുളങ്ങളിൽ ഒരു കോടി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും.
ഓരോ കുടുംബത്തെയും ദാരിദ്ര്യത്തിൽ നിന്നും കരകയറ്റുന്നതിനുവേണ്ടി ഭക്ഷണം, പാർപ്പിടം, വരുമാനം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവ ഉറപ്പാക്കാൻ മൈക്രോപ്ലാൻ നടപ്പാക്കും.
തോട്ടം തൊഴിലാളികൾക്കുവേണ്ടി പ്രത്യേക പാർപ്പിട പദ്ധതി
എല്ലാ തെരുവുവിളക്കുകളും സോളാറോ എൽ.ഇ.ഡിയോ ആക്കും. പുരപ്പുറ സോളാർ പദ്ധതി കൂടുതൽ വ്യാപിപ്പിക്കും.
മുഴുവൻ പേർക്കും ശുദ്ധജലം ലഭ്യമാക്കും.
പട്ടികവർഗ സങ്കേതങ്ങൾ അഞ്ചുവർഷം കൊണ്ട് നവീകരിക്കും.
കുട്ടികൾക്ക് ലാപ്ടോപ്പ് വാങ്ങുന്നതിന് കുടുംബശ്രീ വഴി നടപ്പാക്കുന്ന സ്കീമിന് സബ്സിഡി വർദ്ധിപ്പിക്കും.
എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും.
മുഴുവൻ പൗരന്മാരുടെയും ആരോഗ്യവിവരങ്ങൾ സംബന്ധിച്ച ഡാറ്റാബേസുണ്ടാക്കും. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ടെലിമെഡിസിൻ ആരംഭിക്കും
വയോജന ഗ്രാമസഭകൾ വിളിച്ചു ചേർക്കും. വയോക്ലബുകൾ ആരംഭിക്കും.
ഘട്ടം ഘട്ടമായി മുഴുവൻ ലൈബ്രറികളെയും ഹൈടെക് ആക്കും.
ശുചിത്വ പരിപാടിക്കു വേണ്ടി നഗരസഭകൾ വഴി 2500 കോടി രൂപ ചെലവഴിക്കും.
എല്ലാ തദ്ദേശ ഭരണസ്ഥാപനങ്ങളും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുടെ മാപ്പിംഗ് നടത്തും.
കുടുംബശ്രീ വഴിയുള്ള വായ്പ 15000 കോടി രൂപയായി ഉയർത്തും.
കേരളത്തിലെ മുഴുവൻ പുഴകളും എൺപതിനായിരം കിലോമീറ്റർ തോടുകളും ശുചീകരിക്കും.
കാർബൺ ന്യൂട്രൽ പദ്ധതി വ്യാപകമാക്കും.
പഞ്ചായത്തുകളിലെ സേവനങ്ങളെ കുറിച്ച് സോഷ്യൽ ഓഡിറ്റ് നടത്തും.