ന്യൂഡൽഹി: ജമ്മു കാശ്മീരിലെ നാഗ്രോട്ടയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്കുവ്യക്തമാക്കുന്ന തെളിവുകൾ അന്താരാഷ്ട്ര സമൂഹത്തിന് കെെമാറി ഇന്ത്യ. അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ എങ്ങനെ പിന്തുണയ്ക്കുന്നു എന്നതിനുള്ള തെളിവുകളാണ്
ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശ്രിംഗ്ള വിദേശ പ്രതിനിധികൾക്ക് കെെമാറിയത്.
യുഎസ്, റഷ്യ, ഫ്രാൻസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളുമായാണ് വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ വിവരങ്ങൾ പങ്കുവച്ചത്. എന്നാൽ ഇത് സംബന്ധിക്കുന്ന തെളിവുകൾ ചെെനയ്ക്ക് കെെമാറിയിട്ടില്ല. നാഗ്രോട്ടയിൽ കൊല്ലപ്പെട്ട നാല് ഭീകരരും പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ കാസീം ജാന്റെ കീഴിൽ പരിശീലനം നേടിയവരാണെന്ന് കണ്ടെത്തിയിരുന്നു. ഇവരിൽ നിന്നും കണ്ടെടുത്ത രേഖകൾ പാകിസ്ഥാനുമായുള്ള ബന്ധം വ്യക്തമാക്കുന്നതാണ്.
ഭീകരവാദികളിൽ നിന്നും കണ്ടെടുത്ത ഫോൺ പാകിസ്ഥാൻ കമ്പനി നിർമിച്ചതാണ്. സാംബാ മേഖലയിലെ ഭൂഗർഭ തുരങ്കത്തിലൂടെ തീവ്രവാദികൾ ഇന്ത്യയിലേക്ക് കടന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.