ന്യൂഡൽഹി: ഹിമാലയൻ മേഖലയിലെ മഞ്ഞു വീഴ്ചയെ തുടർന്ന് ഡൽഹിയിൽ ശൈത്യം നേരത്തെ പിടിമുറുക്കി.
നവംബർ മാസത്തിൽ 17 വർഷത്തെ ഏറ്റവും താഴ്ന്ന താപനിലയാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. താപനില 6.3 ഡിഗ്രി സെൽഷ്യസ് വരെ താണു. ഞായറാഴ്ച 6.9 ഡിഗ്രിയായിരുന്നു താപനില. നവംബർ 2003 ലാണ് ഇതിന് മുമ്പ് ഡൽഹിയിൽ ആറ് ഡിഗ്രിയിലേക്ക് താപനില താണത്. അന്ന് 6.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേസമയം ഏറ്റവും കുറവ് താപനില 11.5 ഡിഗ്രി സെൽഷ്യസായിരുന്നു. ഡൽഹിയിൽ ഡിസംബർ, ജനുവരി മാസങ്ങളിലാണ് പൊതുവെ രാത്രി താപനില പത്തു ഡിഗ്രി സെൽഷ്യസിൽ താഴുക. ഹിമാലയൻ മേഖലകളിൽ മഞ്ഞുവീഴ്ചയുള്ളതിനാൽ ഏതാനും ദിവസങ്ങൾ കൂടി അതി ശൈത്യം തുടരുമെന്നും അതുകഴിഞ്ഞ് സാധാരണ നിലവിലേക്ക് വരുമെന്നുമാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.