ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട നിവർ ചുഴലിക്കാറ്റ് നാളെെ തമിഴ്നാട് തീരങ്ങളിൽ ആഞ്ഞടിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആന്ധ്രപ്രദേശിന്റെ തീരം വഴി കടന്നുവരുന്ന നിവർ ചുഴലിക്കാറ്റ് നാളെ ഉച്ചയ്ക്കു ശേഷം 60 മുതൽ 120 കിലോമീറ്റർ വേഗതയിൽ പുതുച്ചേരിയിലെ കാരക്ക ലിനും തമിഴ്നാട്ടിലെ മാമല്ലപുരത്തിനുമിടയിൽ ശക്തമായി ആഞ്ഞടിക്കുമെന്നാണ് റിപ്പോർട്ട്. ചെന്നൈ, വില്ലുപുരം, കടലൂർ, പുതുച്ചേരി പ്രദേശങ്ങളിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ട്. ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, മയിലാടുതുറൈ, വിഴുപ്പുറം, കടലൂർ ജില്ലകളിലും നിവർ നാശം വിതയ്ക്കും. ഇതേ തുടർന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പഴനിസാമി ഉന്നതതല യോഗം വിളിച്ചു ചേർത്തു. തീരപ്രദേശങ്ങളിൽ നിന്ന് അടിയന്തരമായി ജനങ്ങളെ മാറ്റിപ്പാർപ്പിക്കുകയാണ്.
ശക്തിയേറിയ കാറ്റ് വിളകൾ നശിപ്പിക്കുന്നതിനാൽ ആന്ധ്രയുടെ തെക്കൻ തീരത്തും റായലസീമയിലും കർഷകർ വിളവെടുപ്പ് ഉടൻ നടത്തണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തമിഴ്നാട് വഴി കടന്നുപോകുന്ന ചുഴലിക്കാറ്റ് തുടർന്ന് ശ്രീലങ്കൻ തീരത്തേക്ക് നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.