നാഗ്പൂർ: കറാച്ചി ഇന്നല്ലെങ്കിൽ നാളെ ഇന്ത്യയുടെ ഭാഗമാകുമെന്ന് പറഞ്ഞ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ വിമർശിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ആദ്യം പാക് അധിനിവേശ കാശ്മീർ തിരികെ കൊണ്ടുവരൂ, കറാച്ചിയിലേക്ക് പിന്നെ പോകാം എന്നായിരുന്നു റാവത്ത് പറഞ്ഞത്. മുംബയിലെ ഒരു ബേക്കറിയുടെ പേരിൽ നിന്ന് കറാച്ചി എന്ന വാക്ക് ഒഴിവാക്കണമെന്ന് ശിവസേനാ പ്രവർത്തകൻ ആവശ്യപ്പെട്ടതാണ് വാക്പോരുകളുടെ തുടക്കം. ബേക്കറിയുടെ പേരിൽ നിന്ന് കറാച്ചി ഒഴിവാക്കണ്ടയെന്നും ആ സ്ഥലം എന്നായാലും ഇന്ത്യയുടെ ഭാഗമാകുമെന്നുമായിരുന്നു ഫഡ്നാവിസ് പറഞ്ഞത്. ഇതിനെയാണ് റാവത്ത് വിമർശിച്ചത്. പാർട്ടി പ്രവർത്തകന്റെ നിലപാട് പാർട്ടിയുടേതല്ലെന്നും റാവത്ത് ആവർത്തിച്ച് വ്യക്തമാക്കി.