തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി, കർഷക വിരുദ്ധ നയങ്ങൾക്കെതിരെ 26ന് സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്ക് ജില്ലയിൽ പൂർണമാകും. പണിമുടക്ക് വിജയിപ്പിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംയുക്ത ട്രേഡ് യൂണിയൻ സമിതി ജില്ലാ ചെയർമാൻ വി.ആർ. പ്രതാപനും കൺവീനർ വി. ശിവൻകുട്ടിയും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച രാത്രി 12 മുതൽ വ്യാഴാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. നാളെ വൈകിട്ട് തൊഴിൽ കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനങ്ങൾ നടത്തും. 10 ദേശീയ ട്രേഡ് യൂണിയനുകൾക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനകളും പണിമുടക്കിൽ അണിചേരും. കർഷക സംഘടനകളും അസംഘടിത മേഖലയിലെ തൊഴിലാളികളും പണിമുടക്കിന് പിന്തുണ അറിയിച്ചിട്ടുണ്ട്. കിഴക്കേകോട്ട ഗാന്ധി പാർക്ക് മുതൽ പി.എം.ജി വരെ ആറായിരത്തോളം തൊഴിലാളികൾ രണ്ട് മീറ്റർ അകലം പാലിച്ച് അണിനിരക്കും. ഉദ്ഘാടന സമ്മേളനം രാവിലെ 11ന് ഗാന്ധി പാർക്കിലും സമാപന സമ്മേളനം പി.എം.ജിയിലുമായാണ് നടക്കുക. ടൂറിസം മേഖല, പാൽ, പത്രം, ആശുപത്രി എന്നിവ ഒഴിവാക്കി. തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസുകളുടെ പ്രവർത്തനങ്ങളെയും ഉദ്യോഗസ്ഥരുടെ അവശ്യയാത്രകളെയും പണിമുടക്ക് ബാധിക്കില്ലെന്നും നേതാക്കൾ അറിയിച്ചു. സ്വകാര്യ വാഹനങ്ങളോട് പണിമുടക്കുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. സി. ജയൻബാബു ( സി.ഐ.ടി.യു), പി.എസ്. നായിഡു ( എ.ഐ.ടി.യു.സി), കവടിയാർ ധർമൻ (കെ.ടി.യു.സി), ശാർങ്ഗധരൻ (ടി.ടി.യു), കാരയ്ക്കാമണ്ഡപം രവി ( ഐ.എൻ.എൽ.സി), സ്വീറ്റാ ദാസൻ (സേവ), ഷംഷീർ ( എസ്.യു.ടി.യു), കെ. രഘുനാഥ് (എൻ.എൽ.സി) എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.