ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,975 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇത് തിങ്കളാഴ്ചത്തേതിനെക്കാൾ 13 ശതമാനം കുറവാണ്. ഒറ്റ ദിവസം 480 പേർ മരണമടഞ്ഞതോടെ ആകെ കൊവിഡ് മരണം 1,34,218 ആയി. രാജ്യത്ത് കൊവിഡ് ആക്ടീവ് കേസുകൾ 4.4 ലക്ഷം ആണ്. 91.77 ലക്ഷം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.ഇതിൽ 86,04,955 പേർക്ക് രോഗം ഭേദമായി. രോഗമുക്തി നിരക്ക് 93.75 ശതമാനമാണ്.
കഴിഞ്ഞ 17 ദിവസമായി രാജ്യത്ത് 50,000ൽ താഴെ മാത്രമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം. ഡൽഹി,മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ,കേരളം, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന കൊവിഡ് നിരക്ക് ഉയർന്നുതന്നെ നിൽക്കുകയാണ്.ആകെ രോഗം സ്ഥിരീകരിച്ചവരിൽ 50 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നാണ്. ഈ പട്ടികയിൽ നിന്ന് കേരളത്തെയും രാജസ്ഥാനെയും മാറ്റി നിർത്തി ഹരിയാനയെയും കർണാടകയെയും ചേർത്താൽ രാജ്യത്തെ 52 ശതമാനം മരണനിരക്ക് ഈ സംസ്ഥാനങ്ങളിലാണ്. 4454 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച ഡൽഹിയിലാണ് ഏറ്റവുമധികം പ്രതിദിന മരണനിരക്ക്. 121 പേർ ഇവിടെ രോഗം ബാധിച്ച് മരണമടഞ്ഞു.
കൊവിഡ് രൂക്ഷമായ എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചകൾ നടത്തും. മഹാരാഷ്ട്ര, കേരളം,രാജസ്ഥാൻ, കർണാടക,പശ്ചിമബംഗാൾ,ഡൽഹി,ഉത്തർപ്രദേശ്,ഛത്തീസ്ഗഡ് എന്നിവയാണവ.അസ്ട്ര സിനിക്ക വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്ന് ഫലം വന്നതോടെ എല്ലാ സംസ്ഥാനങ്ങളുമായും പ്രധാനമന്ത്രി വാക്സിൻ വിതരണ ചർച്ചകൾ ആരംഭിക്കാനിരിക്കുകയാണ്.