ലക്നൗ: യോഗി ആദിത്യനാഥ് സർക്കാരിന്റെ 'ലൗ ജിഹാദ്' നിയമ നിർമാണത്തിനെതിരെ രൂക്ഷവിമർശനവുമായി അലഹബാദ് ഹൈക്കോടതി. പ്രിയങ്ക എന്ന യുവതിയുടെ പിതാവിന്റെ ഹർജിയെയാണ് കോടതി വിമർശിച്ചത്. പ്രിയങ്കയെ സലാമത്ത് മതം മാറ്റി വിവാഹം കഴിച്ചുവെന്ന പരാതി കോടതി റദ്ദാക്കി.
പ്രിയങ്കയേയും സലാമത്തിനെയും ഹിന്ദുവും മുസ്ലിമും ആയല്ല ഞങ്ങൾ കാണുന്നതെന്നും, വ്യക്തികളുടെ സ്വാതന്ത്ര്യത്തിനുമേൽ കടന്നുകയറാൻ ഭരണകൂടത്തിനുപോലും അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. പ്രിയങ്കയെ തട്ടിക്കൊണ്ടു പോയി മതപരിവർത്തനം ചെയ്തുവെന്ന പരാതി വാസ്തവ വിരുദ്ധമാണെന്നും, ദമ്പതികൾ സന്തോഷത്തോടെ ജീവിക്കുകയാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഹർജി തള്ളിയത്.
പ്രിയങ്ക സലാമത്തിനെ വിവാഹം കഴിക്കുന്നതിന് തൊട്ടുമുമ്പ് മതം മാറി അലിയ എന്ന പേര് സ്വീകരിച്ചിരുന്നു. ഇതോടെയാണ് യുവതിയുടെ പിതാവ് പരാതി നൽകിയത്. തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിച്ചുവെന്നും,മകൾക്കു പ്രായപൂർത്തിയായില്ലെന്നുമായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്.
പ്രായപൂർത്തിയായ രണ്ട് വ്യക്തികൾക്ക് അവർ ഒരേ ലിംഗത്തിൽപ്പെട്ടവരാണെങ്കിൽ പോലും ഒരുമിച്ച് ജീവിക്കാൻ നിയമപരമായ അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം സംസ്ഥാനത്തെ 14 മിശ്ര വിവാഹങ്ങൾ സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിൽ 'ലൗ ജിഹാദി'ല്ലെന്ന് യുപി പൊലീസ് അറിയിച്ചു. പൊലീസിന്റെ റിപ്പോർട്ട് സംസ്ഥാന സർക്കാരിന്റെ വാദങ്ങളെല്ലാം പാടെ തള്ളുന്നതാണ്.