നിലമ്പൂർ: തിരുവനന്തപുരം - നിലമ്പൂർ രാജ്യറാണി എക്സ്പ്രസ് ഈമാസം അവസാനമോ ഡിസംബർ ആദ്യ വാരത്തിലോ സർവീസ് നടത്തിയേക്കും. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും റെയിൽവേ പൂർത്തീകരിച്ചു. രാജ്യറാണി ഉൾപ്പെടെ 14 എക്സ്പ്രസ് ട്രെയിനുകൾ പുനഃരാരംഭിക്കാൻ ശിപാർശയ്ക്ക് റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചാൽ ഉടൻ സർവീസ് തുടങ്ങും. ദക്ഷിണ റെയിൽവേ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ മാനേജർ ആണ് ശിപാർശ ചെയ്തത്. മംഗളൂരു - തിരുവനന്തപുരം, ചെന്നൈ - ഗുരുവായൂർ, ചെന്നൈ - തിരുവനന്തപുരം, ചെന്നൈ - മംഗളൂരു, ചെന്നൈ - പാലക്കാട്, ആലപ്പുഴ - തിരുവനന്തപുരം (മാവേലി), മംഗളൂരു - കോട്ടയം തിരുവനന്തപുരം (മലബാർ ) എന്നിവ ഉൾപ്പെടെ പുനരാരംഭിക്കാനാണ് ശിപാർശ ചെയ്തത്. മറ്റു ട്രെയിനുകൾ കേരളത്തിന് പുറത്ത് സർവീസ് നടത്തുന്നവയാണ്. ലോക് ഡൗൺ പ്രഖ്യാപിച്ച ശേഷം രാജ്യറാണി സർവീസ് നടത്തിയിട്ടില്ല. രാജ്യറാണി സർവീസ് പുനരാംഭിക്കുന്നത് ദീർഘദൂര യാത്രക്കാർക്ക് വലിയ സഹായകമാവും. തിരുവനന്തപുരം ആർ.സി.സിയിലേക്ക് അടക്കം എത്താൻ പ്രധാനമായും ആശ്രയിച്ചിരുന്നത് രാജ്യറാണിയെയാണ്.
നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന രാജ്യറാണി നിലവിൽ കൊച്ചുവേളി വരെയാണ് സർവീസ് നടത്തുന്നത്. നേരത്തെ തിരുവനന്തപുരം സെൻട്രൽ വരെ സർവീസ് നടത്തിയിരുന്നു. കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കുന്നത് യാത്രക്കാർക്ക് വലിയ ദുരിതമാണേകുന്നത്. ഇവിടെ നിന്ന് നഗരത്തിലേക്ക് എത്തിപ്പെടാൻ പ്രത്യേക കെ.എസ്.ആർ.ടി.സി ബസ്ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ഓട്ടോറിക്ഷകൾ കൊള്ള ചാർജ്ജാണ് ഈടാക്കിയിരുന്നത്. രാജ്യറാണി തിരുവനന്തപുരം സെൻട്രൽ വരെ നീട്ടണമെന്ന ആവശ്യം ഇതുവരെ റെയിൽവേ അംഗീകരിച്ചിട്ടില്ല. 2019 മേയിലാണ് രാജ്യറാണി സ്വതന്ത്ര ട്രെയിനായത്. ഇതിനു മുമ്പ് ഷൊർണ്ണൂരിൽവെച്ച് അമൃതയ്ക്കൊപ്പമായിരുന്നു യാത്ര.