SignIn
Kerala Kaumudi Online
Thursday, 04 March 2021 12.35 AM IST

ബാൻഡ് മേളവും കുളമ്പടിയുമില്ലാതെ നവംബർ

wedding

മഞ്ഞിൽ മൂടിപ്പുതച്ച അതിശൈത്യത്തിലേക്ക് വീഴുംമുമ്പ് നവംബറിലെ സുഖമുള്ള തണുത്ത രാത്രികൾ ഡൽഹിക്ക് വിവാഹ കാലമാണ്. ബാൻഡ് മേളങ്ങളുടെ അകമ്പടിയിൽ ബന്ധുമിത്രാദികളുടെ നൃത്തച്ചുവടുകൾക്ക് പിന്നിൽ തലപ്പാവും ഷേർവാണിയുമണിഞ്ഞ് കുതിരപ്പുറത്തേറിയ നവവരനെയും ആനയിച്ച് വധൂഗൃഹങ്ങൾ (വിവാഹ വേദി) ലക്ഷ്യമാക്കി നീങ്ങുന്ന 'ബാരാത്തുകൾ' (വരന്റെ പാർട്ടി) റോഡുകൾ കൈയ്യടക്കും. തലങ്ങും വിലങ്ങും നീങ്ങുന്ന ബാരാത്തുകൾ മൂലം ഗതാഗതക്കുരുക്കിൽ വലയുന്ന റോഡുകൾ. ഇരുട്ടുപരക്കുന്നതോടെ ഡൽഹിയുടെ ആകാശങ്ങളിൽ ബാരാത്തുകളുടെ വരവറിയിച്ച് വെടിക്കെട്ടുകൾ വർണ്ണപ്രഭാപൂരം പരത്തും. ഡോലക് വാദ്യമേളം അരങ്ങു തകർക്കുമ്പോൾ വരനെ സ്വീകരിക്കാനുള്ള തിരക്കിലാകും പെൺവീട്ടുകാർ.

ഇനി ഈ മനോഹര ചിത്രം ഫ്രീസ് ചെയ്‌തു പിടിക്കാം. എന്നിട്ട് ന്യൂജനറേഷൻ സിനിമയിലേതു പോലെ ഡിസോൾവ് ആകട്ടെ. പശ്ചാത്തലത്തിൽ ബാൻഡ്, ഡോലക് മേളങ്ങളുടെ താളം വലിഞ്ഞ് വികലമാകുന്നുണ്ട്. കാരണം അടുത്ത സീനിൽ നമ്മൾ 2020 നവംബറിന്റെ യാഥാർത്ഥ്യത്തിലേക്ക് വരികയാണ്. അവിടെ ബാൻഡ് മേളമില്ല, കുതിരകളില്ല, ബാരാത്തുകളില്ല, വെടിക്കെട്ടുമില്ല (ബാക്ക് ഗ്രൗണ്ടിൽ ഒരു പാത്തോസ് ആകാം). കൊവിഡ് കാലത്തെ നിയന്ത്രിക്കുന്ന 2005ലെ ദുരന്ത നിവാരണ നിയമം പ്രകാരമുള്ള മാർഗരേഖകളിലേക്ക് കാമറ പാൻ ചെയ്യുന്നു: സാമൂഹിക അകലം, ആൾക്കൂട്ടം, മാസ്‌ക് ധാരണം തുടങ്ങിയ നിയന്ത്രണങ്ങൾ.

ഇനി ഡൽഹിയിലെ നവംബറിന് എന്തുപറ്റിയെന്ന് നേരെ ചൊവ്വേ പറയാം. ഒന്നാമതായി ഇക്കുറി അത്രസുഖമുള്ള തണുപ്പല്ല. ഹിമാലയത്തിൽ നിന്ന് തണുത്ത കാറ്റ് നേരത്തെ കൂടുവിട്ട് വന്നതിനാൽ 17 വർഷത്തിന് ശേഷം രാത്രി താപനില ആറ് ഡിഗ്രി സെൽഷ്യസിൽ തൊട്ടു. മറ്റൊന്ന് ഇപ്പോഴത്തെ പതിവ് വിശേഷം: കൊവിഡ് വ്യാപനം.

നമ്മൾ കേരളീയർ ഓണം ആഘോഷിച്ചതുപോലെ ഇവിടത്തുകാർ ദീപാവലിക്കാലത്ത് സാമൂഹിക അകലമൊക്കെ മറന്ന് മാർക്കറ്റുകളിൽ കൂട്ടമായി ഇറങ്ങി നടന്നതിനാൽ കുറച്ചു നിയന്ത്രണങ്ങളാകാമെന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ തീരുമാനം. നവംബർ അവസാന ആഴ്‌ച തുടങ്ങുന്ന വിവാഹ ശുഭമൂഹൂർത്തങ്ങളിൽ താലികെട്ടാനിരുന്നവർക്കാണ് അത് ഇരുട്ടടിയായത്. അൺലോക്കിംഗ് നടപടികളുടെ ഭാഗമായി വിവാഹ ചടങ്ങുകൾക്ക് 200 അതിഥികൾ വരെ ആകാമെന്ന നിർദ്ദേശത്തിൽ സന്തോഷിച്ച് ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ചവരെല്ലാം ഇപ്പോൾ മുഖം ചുളിച്ചിരിപ്പാണ്. നമ്മുടെ നാട്ടിലെപ്പോലെ 50 പേരിൽ കൂടുതൽ ചടങ്ങിന് പാടില്ലെന്നാണ് നിർദ്ദേശം. അതോടെ ബാൻഡും ബാരാത്തും ബഹളവുമെല്ലാം 'ശൂ' ആയി.

വിവാഹത്തോടനുബന്ധിച്ച് പല ദിവസങ്ങളിലായി അതിഥികളെ വിഭജിച്ച് 50 ആൾ നിയന്ത്രണം മറികടക്കുന്നതാണല്ലോ കേരളത്തിലെ ട്രെൻഡ്. തലേദിവസം പെണ്ണിന്റെ വീട്ടിലേക്ക് വസ്‌ത്രം കൊണ്ടുപോകുന്നവർ കല്യാണത്തിന് വരണമെന്നില്ല. സത്‌കാരത്തിന് പോകാൻ മറ്റൊരു സംഘം. കല്യാണമാകുമ്പോൾ ആരെയും പിണക്കാൻ പാടില്ലല്ലോ. ഈ രീതി നടപ്പാക്കാമെന്നു വച്ചാൽ ഡൽഹിയിൽ നമ്മുടേതിൽ നിന്ന് വിഭിന്നമായി ചടങ്ങുകളുടെ എണ്ണമേറും. വിവാഹത്തിന് മുൻപ് വരന്റെയും വധുവിന്റെയും കുടുംബക്കാർ ഒന്നിക്കുന്ന സംഗീതാഘോഷം, മെഹന്തി ചടങ്ങ് അങ്ങനെ നീളുന്നു അവ. ബന്ധുക്കളെയൊക്കെ 50ൽ താഴെയൊതുക്കി വിഭജിച്ച് കൊണ്ടുവരാൻ സമയവുമില്ല.

കേജ്‌രിവാൾ സർക്കാരിന്റെ നിർദ്ദേശം ലെഫ്‌റ്റനന്റ് ഗവർണർ അനിൽ ബൈജാൽ അംഗീകരിച്ചതോടെ ഡൽഹിയിൽ നിന്ന് അതിർത്തി സംസ്ഥാനമായ ഉത്തർപ്രദേശിലെ നോയിഡയിലെ ഫാം ഹൗസുകളിലേക്ക് ചടങ്ങുകൾ മാറ്റി കെങ്കേമമായി വിവാഹം നടത്താൻ പലരും നീക്കം തുടങ്ങിയിരുന്നു. എന്നാൽ ഡൽഹിയോട് ചേർന്നു കിടക്കുന്നതിനാൽ കൊവിഡ് വ്യാപന സാദ്ധ്യത മുന്നിൽക്കണ്ട് അധികൃതർ നോയിഡയിലും ആൾ നിയന്ത്രണം കൊണ്ടുവന്നതോടെ അതും പൊളിഞ്ഞു. ഫെബ്രുവരി-മാർച്ച് മാസങ്ങളിലും(അതിശൈത്യം ഇറങ്ങുന്ന സമയം) ഇവിടെ വിവാഹ കാലമാണെങ്കിലും കൊവിഡ് പിൻവാങ്ങുന്ന ലക്ഷണമില്ലാത്തതിനാൽ നിയന്ത്രണങ്ങൾ തുടരാനാണ് സാദ്ധ്യത. ആർഭാടത്തോടെ ആൾക്കൂട്ടത്തിൽ ചടങ്ങ് നടത്തണമെന്ന് വാശിയുള്ള പല രക്ഷിതാക്കളും വിവാഹം അടുത്ത വർഷത്തേക്ക് മാറ്റി വയ്‌ക്കുകയാണിപ്പോൾ.

ഡൽഹിയിലെ താമസ കേന്ദ്രങ്ങളിൽ നിരനിരയായുള്ള ഫ്ളാറ്റുകൾക്കിടയിൽ നിർമ്മിച്ച ചെറിയ പാർക്കുകളിലാണ് മിക്ക വിവാഹങ്ങളുടെയും വേദി. അവിടെ തുണിപ്പന്തൽ കെട്ടിമറച്ച് മണ്ഡപമൊരുക്കും. പന്തലിന് വെളിയിൽ കല്ലുകൾ നിരത്തി അതിഥികൾക്ക് ഭക്ഷണം പാകം ചെയ്യും. കാശുള്ളവർ ബാൻക്വറ്റ് ഹാളുകൾ ബുക്കു ചെയ്‌ത് സംഗതി കുറെക്കൂടി ലാവിഷ് ആക്കും. ചടങ്ങുകളിൽ 50ന്റെ നിയന്ത്രണം വന്നതോടെ ചടങ്ങുകൾ ഗലികളിലേക്ക് (ഫ്ളാറ്റുകൾക്ക് ഇടയിലുള്ള ഇടുങ്ങിയ സ്ഥലം) ഒതുങ്ങാനാണ് സാദ്ധ്യത. പന്തൽ ബിസിനസ് നടത്തുന്നവരുടെ വയറിന് അടിയാകുമെന്നർത്ഥം.

വിവാഹ ഓർഡറുകൾ കൂട്ടത്തോടെ റദ്ദാകുന്നതിന്റെ അങ്കലാപ്പിലാണ് ബാൻക്വറ്റ് ഹാൾ നടത്തുന്നവർ. കഴിഞ്ഞ മാർച്ചിൽ ലോക്‌ഡൗൺ മുതൽ അടച്ചിട്ടതിന്റെ നഷ്‌ടം കുറച്ചെങ്കിലും ഈ സീസണിൽ നികത്താമെന്നായിരുന്നു പ്രതീക്ഷ. മെയ്-ജൂൺ മാസത്തിൽ കൊവിഡ് കുതിച്ചുയർന്നപ്പോൾ ഇവയിൽ പലതും കൊവിഡ് കേന്ദ്രങ്ങളാക്കി മാറ്റിയിരുന്നു. വിവാഹത്തിന് ആളുകളെ നിയന്ത്രിച്ചതിനെതിരെ ബാൻക്വറ്റ് ഹാൾ അസോസിയേഷൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ കണ്ടെങ്കിലും ഫലമുണ്ടായില്ല. സീസണിൽ ഒരു ദിവസം 30,000-50,000 വരെ വിവാഹങ്ങൾ നടക്കാറുള്ള ഡൽഹിയിൽ ഒരു സ്ഥലത്ത് തന്നെ ഒന്നിലധികം ഹാളുകളുള്ള ബാൻക്വറ്റ് ഹാളുകാർക്ക് വൻ കൊയ്‌ത്തായിരുന്നു.

അതിഥികൾ കുറയുമ്പോൾ ഭക്ഷണവും കുറച്ചു മതിയല്ലോ. 200 പേർക്കുള്ള ഭക്ഷണമുണ്ടാക്കാൻ ലഭിച്ച ഓർഡറുകൾ ഒന്നൊന്നായി കൈയിൽ നിന്ന് പോകുന്നത് കണ്ട് അന്തിച്ചിരിക്കുന്നു കാറ്ററിംഗുകാർ. വയ്‌പുകാർ, വിളമ്പുകാർ, സാധനങ്ങൾ നൽകുന്ന പച്ചക്കറി, പലചരക്ക് വ്യാപാരികൾ തുടങ്ങി പ്രഹരമേറ്റവർ ഏറെയുണ്ട്.

അവശതയോടെ കഴിയുന്ന മറ്റൊരു വിഭാഗം ബാൻഡു സംഘങ്ങളാണ്. വിവാഹസീസണിൽ ലഭിക്കുന്ന പണം കൊണ്ട് ശിഷ്‌ടകാലം കഴിയുന്നവരുണ്ട് ഇക്കൂട്ടത്തിൽ. ബാരാത്തിനൊപ്പം ബാൻഡടിച്ച് കഴിഞ്ഞാൽ വയറുനിറയെ ഭക്ഷണവും കിട്ടുമായിരുന്നു. ബാൻഡടിക്കുന്നവരും പീപ്പി ഊതുന്നവരും മറ്റ് പണിചെയ്‌ത് ജീവിക്കുമെന്ന് വച്ചാലും ബാൻഡ് സംഘം നടത്തുന്നവരുടെ മറ്റൊരു തലവേദന കുതിരകളെ പോറ്റലാണ്. വരനെ കയറ്റി ഗമയിൽ നടക്കുന്ന ഈ ഗ്ളാമർ താരങ്ങളെ പട്ടിണിക്കിടാൻ പറ്റില്ലല്ലോ. ദിവസം 700-800 രൂപയെങ്കിലും അവറ്റകൾക്ക് ഭക്ഷണത്തിന് ചെലവാകും.

ഡൽഹിയിലെ വിവാഹ വിപണിയും കടുത്ത മാന്ദ്യം നേരിടുകയാണ്. ഷേർവാണിയും വിവാഹസാരികളും വിൽക്കുന്ന കടകളിൽ തിരക്കില്ല. മറ്റു വസ്‌ത്ര വ്യാപാരികളും കട തുറന്നിരിക്കുവെന്ന് മാത്രം. ഡൽഹിയിൽ മാത്രം ഏതാണ്ട് 10ലക്ഷം കുടുംബങ്ങൾ വിവാഹകാലത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ്. കൊവിഡ് തട്ടിയെടുത്ത ഒരു സീസൺ കൊഴിഞ്ഞ് വീഴുമ്പോൾ അവരുടെ വലിയ പ്രതീക്ഷകളും സ്വപ്നങ്ങളും കൂടിയാണ് തകർന്നടിയുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: DELHI DIARY
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.