കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ തങ്ങളുടെ മുന്നണി വൻ ഭൂരിപക്ഷം നേടുമെന്ന കാര്യത്തിൽ വി.എൻ. വാസവനും ജോഷി ഫിലിപ്പിനും നോബിൾ മാത്യുവിനും ഒരു വിശ്വാസ കുറവുമില്ല. മൂവരും ഒന്നിച്ച മുഖാമുഖത്തിൽ ഒന്നര മണിക്കൂറോളം പരസ്പരം വാക് ശരങ്ങളുതിർത്തെങ്കിലും അവസാനം തോളിൽ കൈയിട്ട് അവർ ചേർന്നു നിന്നു.
പതിനൊന്നു പാർട്ടികൾ ഇടതു മുന്നണിയിലുണ്ടായിട്ടും സീറ്റു വിഭജനം രമ്യമായി പരിഹരിച്ചതിൽ സന്തോഷമുണ്ട്. ഇടതു മുന്നണി കോട്ടയത്തെ ത്രിതല പഞ്ചായത്തിലും ഇക്കുറി ചരിത്ര വിജയം നേടും. കേരളകോൺഗ്രസ് ജോസ് വിഭാഗം മുന്നണിയിലെത്തിയതോടെ അതിനു കഴിയുന്ന രാഷ്ട്രീയ പശ്ചാത്തലമാണുള്ളത്" .
- വി.എൻ.വാസവൻ, സി.പി.എം ജില്ലാ സെക്രട്ടറി
'എൽ.ഡി.എഫ് ഭരണ വിരുദ്ധ വികാരമുള്ളതിനാൽ ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നിലപാടുകളോടുള്ള വിധിയെഴുത്താകും കോട്ടയത്ത് ഉണ്ടാവുക."
-ജോഷി ഫിലിപ്പ്, ഡി.സി.സി.പ്രസിഡന്റ്
'കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികളാവും തദ്ദേശ തിരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമാവുക. പത്തു ശതമാനം സാമ്പത്തിക സംവരണവും വോട്ടാകും. കേരളം വിട്ടാൽ സി.പി.എമ്മും കോൺഗ്രസും ഒരു മുന്നണിയിലാണ്. ആരാ നിങ്ങടെ നേതാവ് എന്താ നിങ്ങടെ പരിപാടി എന്നു ചോദിച്ചാൽ ഇരു പാർട്ടിക്കും ഒന്നും പറയാനില്ല."
നോബിൾ മാത്യു, ബി.ജെ.പി.ജില്ലാ പ്രസിഡന്റ്
പ്രധാന പ്രശ്നങ്ങൾ
അതിവേഗ പാത
അതിവേഗ റെയിൽപാതയാണ് പ്രധാന പ്രശ്നങ്ങളിലൊന്നൊന്ന് ജോഷി ഫിലിപ്പ് . കോട്ടയത്തെ ഇത് രണ്ടായി മുറിക്കും. ഇത് ചർച്ച ചെയ്യപ്പെടുന്നില്ല. രണ്ടു മണിക്കൂർ സമയ ലാഭത്തിന് ആയിരക്കണക്കിന് വീടുകളിലുള്ള പതിനായിരങ്ങളാണ് കുടിയൊഴിപ്പിക്കപ്പെടുന്നത്. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു കഴിഞ്ഞു.
കേന്ദ്ര അനുമതി പോലും ലഭിക്കാത്ത അതിവേഗ പാത തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു പ്രശ്നമല്ലെന്ന് വി.എൻ.വാസവൻ. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു പ്രൊപ്പോസൽ. ഇടതു മുന്നണി ഒന്നും ചെയ്തിട്ടില്ല . റെയിൽവേ പദ്ധതിക്ക് പ്രതിരോധ മന്ത്രാലയം അനുമതി വേണമെന്നത് ആദ്യമായാണ് കേൾക്കുന്നത്.
ശബരി പാത ഇല്ലാതാക്കിയവരാണ് യു.ഡി.എഫും എൽ.ഡി.എഫും. മോദി കേരളത്തിന് അനുവദിച്ച അതിവേഗ പാതയും ഇല്ലാതാക്കാൻ ഇരു കൂട്ടരും നോക്കുകയാണെന്ന് നോബിൾ മാത്യൂ.
ജോസിന്റെ മുന്നണി മാറ്റം
ജോസ് വിഭാഗം യു.ഡി.എഫ് വിട്ടു പോയത് ഒരു വിധത്തിലും തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. ജോസ് വിഭാഗത്തെ എൽ.ഡി.എഫ് ഞെക്കിക്കൊല്ലും. യു.ഡി.എഫിൽ റിബലുകൾ ഏറ്റവും കുറവുള്ള തിരഞ്ഞെടുപ്പാണിത്. വിമത പ്രശ്നം ബാധിക്കില്ലെന്നും ജോഷി ഫിലിപ്പ്.
ജോസ് പോയത് യു.ഡി.എഫിനെ ദുർബലമാക്കി. കോട്ടയത്ത് ജോസ് വിഭാഗത്തിനാണ് ശക്തി. ഞെക്കി കൊല്ലാൻ നോക്കിയതു കൊണ്ടാണ് അവർ യു.ഡി.എഫ് വിട്ടത്. ജോസഫിന് ജില്ലാ പഞ്ചായത്തിൽ 9 സീറ്റ് കൊടുത്തിട്ട് കോൺഗ്രസ് ഒന്നു തിരിച്ചെടുത്തു. രണ്ടില ചിഹ്നം ജോസിന് കിട്ടിയത് നേട്ടമാകുമെന്നും വാസവൻ.
റബർ വിലയിടിവ്
യു.പി.എ ആസിയൻ കരാറിൽ ഒപ്പിട്ടതാണ് റബർ വില ഇടിയാൻ കാരണമെന്ന് വാസവൻ.
റബർ വിലസ്ഥിരതാ ഫണ്ട് എൽ.ഡി.എഫ് ഇല്ലാതാക്കിയതാണ് പ്രശ്നമായതെന്ന് ജോഷി ഫിലിപ്പ്
സബ്സിഡി കൊടുക്കാൻ ഇനി പറ്റില്ല.റബർ ബോർഡ് പൂട്ടണമെന്നാണ് അഭിപ്രായമെന്ന് നോബിൾ മാത്യൂ.