SignIn
Kerala Kaumudi Online
Monday, 25 January 2021 7.31 AM IST

സോഹൻറോയിയുടെ 'അണുമഹാകാവ്യം' ഡിജി‌റ്റൽ പുസ്‌തകം വായനക്കാരിലേക്ക്; സംവിധായകൻ ബാലചന്ദ്രമേനോൻ പ്രകാശനം ചെയ്യും

anumahakavyam

കഴിഞ്ഞ ആയിരം ദിവസങ്ങളിൽ ഓരോ ദിവസവും അതാത് ദിവസത്തെ പ്രധാന വിഷയം ആസ്പദമാക്കി കവി സോഹൻറോയ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്ന ആയിരത്തൊന്ന് കവിതകൾ 'അണുമഹാകാവ്യം' എന്ന പേരിൽ ഡിജിറ്റൽ പുസ്തകമായി വായനക്കാരിലേയ്ക്ക് എത്തുന്നു.

നവംബർ 24 ചൊവ്വാഴ്ച്ച വൈകിട്ട് 7മണിക്ക് പ്രശസ്ത നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ ആമുഖ സന്ദേശത്തോടെ ഈ പുസ്തകം ഓൺലൈനിൽ ഇ ബുക്ക് ആയി പ്രസിദ്ധീകരിക്കും.

കേവലം വരികളെഴുതുക എന്നതിലുപരി, കഴിഞ്ഞ ആയിരത്തിയൊന്ന് ദിവസക്കാലത്തെ പ്രധാന ദൈനം ദിന സംഭവങ്ങളെ കവിത രൂപത്തിലാക്കി, മനോഹരമായി സംഗീതം ചെയ്‌ത് ദൃശ്യങ്ങളുടെയും അകമ്പടിയോടെ, വീഡിയോ രൂപത്തിൽ സോഹൻ റോയ് തന്റെ സമൂഹമാധ്യമ പേജിലൂടെ പങ്കുവെക്കുന്നു.

ഒരുപക്ഷേ, ഏതൊരു ലോക ഭാഷാചരിത്രത്തിൽ ആദ്യമായാകാം അതാത് ദിവസത്തെ വിവാദ സംഭവം, വാർത്താ രൂപത്തിലല്ലാതെ പാട്ട് രൂപത്തിൽ നിത്യവും വായനക്കാർക്കിടയിൽ പങ്കു വയ്ക്കപ്പെടുന്നത്. ഒക്ടോബർ മാസം ഇരുപത്തിയാറാം തീയതി വരെ മുടങ്ങാതെ എഴുതിയിരുന്ന അദ്ദേഹം, സോഷ്യൽ മീഡിയയെ കൂച്ചുവിലങ്ങിടുന്ന സർക്കാരിന്റെ പുതിയനിയമത്തിൽ പ്രതിഷേധിച്ച് വിജയദശമി നാളിൽ കവിതയെഴുത്ത് നിർത്തിയിരുന്നു.

ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റർ, ടിക്ക് ടോക്ക് തുടങ്ങിയ വിവിധ മാധ്യമങ്ങളിലൂടെ പത്ത് ലക്ഷത്തിൽപ്പരം ആൾക്കാരിലേയ്ക്കാണ് നിമിഷങ്ങൾക്കകം അണുകവിതകൾ എത്തിക്കോണ്ടിരുന്നത്. ഏത് പ്രധാന സംഭവം ഉണ്ടായാലും, അതിനെ ആസ്പദമാക്കി ഒരു മണിക്കൂറിനുള്ളിൽത്തന്നെ ഒരു അണു കാവ്യം തയ്യാറായി ആൾക്കാരിലേക്ക് എത്തിക്കാൻ കഴിയുന്നു എന്നുള്ളത് അത്ഭുതകരമായ ജനപ്രിയതയാണ് വായനക്കാർക്കിടയിൽ അണുകാവ്യത്തിന് നേടിക്കൊടുത്തത്.

ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തി നേടിയ ആയിരത്തി ഒന്ന് കവിതകളാണ് ഇപ്പോൾ പുസ്തകമാവുന്നത്. മഹാകാവ്യങ്ങളുടെ പൊതു നിയമാവലികൾ കൂടി പാലിച്ചുകൊണ്ടാണ് ഈ ആധുനിക കവിതാ സമാഹാരം ഇപ്പോൾ പ്രസിദ്ധീകരണത്തിന് തയ്യാറെടുക്കുന്നത്. ഏഴിൽ കുറയാത്ത സർഗ്ഗങ്ങൾ, ഓരോ സർഗ്ഗത്തിലും അൻപതിൽ കുറയാതെ ശ്ലോകങ്ങൾ, ധീരോദാത്തനായ നായകൻ, പുരുഷാർത്ഥ പ്രാപ്തിക്ക് പ്രയോജനപ്പെടുന്ന ഇതിവൃത്തം, ശൃംഗാരം, വീരം, ശാന്തം തുടങ്ങിയ രസങ്ങൾ മുതലായവയായിരുന്നു മഹാകാവ്യത്തിന്റെ പൊതുലക്ഷണമായി പ്രാചീനകാലത്ത് വിലയിരുത്തിയിരുന്നത്. എന്നാൽ, നായകസ്ഥാനത്ത് സമകാലീന സമൂഹത്തെത്തന്നെയാണ് ഈ ആധുനിക മഹാകാവ്യസമാഹാരം വിഭാവനം ചെയ്തിരിയ്ക്കുന്നത്. . പ്രണയം, സാമൂഹ്യ വിമർശനം, രാഷ്ട്രീയം, ആക്ഷേപ ഹാസ്യം, ദാർശനികം, വൈയക്തികം, വൈവിദ്ധ്യാത്മകം, പാരിസ്ഥിതികം, അനുബന്ധം ഒന്ന്, അനുബന്ധം രണ്ട് തുടങ്ങിയ പത്ത് സർഗ്ഗങ്ങളിലായിട്ടാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞവർഷം അഞ്ഞൂറ്റിയൊന്ന് കവിതകൾ പൂർത്തിയായ സമയത്ത്, ആ കവിതകളുടെ സമാഹാരം,ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിലൂടെ പ്രകാശനം ചെയ്തിരുന്നു. പിന്നീട് അറുനൂറ്റിയൊന്ന് കവിതകൾ ആയപ്പോൾ അവയുടെ സമാഹാരം 'അണുമഹാകാവ്യം 601 ' എന്ന പേരിൽ സൂര്യ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വച്ച് പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി പ്രകാശനം ചെയ്തിരുന്നു. അന്ന് ചടങ്ങിൽ സൂര്യ കൃഷ്ണമൂർത്തി, മുരുകൻ കാട്ടാക്കട, പി നാരായണകുറുപ്പ്, എഴാച്ചേരി രാമചന്ദ്രൻ തുടങ്ങിയ പ്രശസ്ത വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. രണ്ടായിരത്തി പതിനെട്ടിൽ, ഡിസി ബുക്സും അണു കാവ്യങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.

സലിം കുമാർ സംവിധാനം ചെയ്ത കറുത്ത ജൂതൻ, ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ എന്നിവയടക്കമുള്ള സിനിമകൾക്കുവേണ്ടി സംഗീതസംവിധാനവും പശ്ചാത്തലസംഗീതവും ഒരുക്കിയിട്ടുള്ള പ്രശസ്ത സംഗീത സംവിധായകൻ ബി ആർ ബിജുറാം ആണ് എല്ലാ കവിതകൾക്കും സംഗീതസംവിധാനവും ആലാപനവും നിർവഹിച്ചിരിക്കുന്നത് .

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SOHAN, ROY, BALACHANDRA MENON, SALIM KUMAR, E POETRY
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.