ചങ്ങനാശേരി: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടു ചെയ്യാൻ കഴിയുന്നതിനൊപ്പം മൽസരിക്കാനും കഴിയുന്നതിന്റെ ത്രില്ലിലാണ് സെറിനും സുധീഷും. 21 കാരായ ഇരുവരും ചങ്ങനാശേരിയിലെ പ്രായം കുറഞ്ഞ സ്ഥാനാർത്ഥികളാണ് .
ഫാത്തിമാപുരം 17-ാം വാർഡിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായാണ് പി എസ് സുധീഷ് . നാട്ടകം ഗുഡ്ഷെപ്പേർഡിൽ നിന്നും ബി.ബി.എ പഠനം കഴിഞ്ഞ സുധീഷ് ബി.ജെ.പിയുടെ 143 -ാം ബൂത്ത് കൺവീനറും ചങ്ങനാശേരി ഐ.ടി സെൽ കോ ഒാർഡിനേറ്ററുമാണ്. ബോഡി ബിൽഡറെന്ന നിലയിലും ശ്രദ്ധേയൻ. മിസ്റ്റർ പത്തനംതിട്ടയായിരുന്നു. കഴിഞ്ഞ വർഷം കേരളത്തെ പ്രതിനിധീകരിച്ച് ഒഡീഷയിൽ മത്സരിക്കുകയും ചെയ്തു. പാറയിൽ സുരേഷ്-അമ്പിളി ദമ്പതിയുടെ മകനാണ്. സഹോദരൻ: സുമേഷ്.
മാടപ്പള്ളി 12-ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാണ് പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജിൽ ബി.ടെക് നാലാം വർഷ വിദ്യാർത്ഥിയായ സെറിൻ ബാബു . അവസാന ദിവസമാണ് പത്രിക സമർപ്പിച്ചതും വോട്ടർപ്പട്ടികയിൽ പേരു ചേർത്തതും. മാടപ്പള്ളി ബ്ലോക്കിലേക്ക് മത്സരിക്കുന്ന മാതാവ് സോമിനിയുടെ പത്രിക നല്കുന്നതിനായി പിതാവ് ബാബുവിനും ഒപ്പം എത്തിയപ്പോൾ യാദൃശ്ചികമായാണ് മത്സര രംഗത്ത് വന്നുപെട്ടത്. സോമിനി മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി, കോൺഗ്രസ് ചങ്ങനാശേരി ബ്ലോക്ക് സെക്രട്ടറി, മാടപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ ശ്രദ്ധേയയാണ്. പിതാവ് ബാബു കുട്ടൻചിറ ചങ്ങനാശേരി ബ്ലോക്ക് ഭാരവാഹിയാണ്. സഹോദരി സൈറ സാറാ ബാബു ബോട്ടണിയിൽ പി.എച്ച്. ഡി ചെയ്യുന്നു.