കണ്ണൂർ: കണ്ണൂരിൽ ഗുണ്ടാ രാഷ്ട്രീയം അരങ്ങുതകർത്ത കാലത്തെ ജീവിക്കുന്ന രക്തസാക്ഷിയാണ്
കണ്ണൂർ കോർപറേഷനിലെ 22-ാം ഡിവിഷൻ കീഴ്ത്തള്ളിയിലെ ഇടതുപക്ഷ സ്ഥാനാർത്ഥി സി.വിനോദ്. അക്രമ രാഷ്ട്രീയത്തിലൂടെ എതിരാളികൾ വെട്ടിനുറുക്കിയിട്ടും വിനോദിനെ ഇല്ലാതാക്കാൻ സാധിച്ചില്ല.
1992 ലാണ് ചൊവ്വ റൂറൽ ബാങ്കിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ ഒരു പറ്റം രാഷ്ട്രീയ ഗുണ്ടകൾ ചേർന്ന് തലങ്ങും വിലങ്ങും വെട്ടിയത്. തടുക്കാൻ ശ്രമിച്ച ബാങ്കിലെ ജീവനക്കാരെയും അക്രമികൾ വെട്ടി പരിക്കേൽപ്പിച്ചു. അത്യാസന്ന നിലയിൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിനോദിനെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പിന്നീട് രണ്ടുവർഷത്തോളം വീട്ടിൽ ചികിത്സ തുടരുകയും ഏറെ നാളത്തെ ദുരിതത്തിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചു വരുകയുമായിരുന്നു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടല്ലെങ്കിലും നാട്ടിൽ ആക്രമണം അഴിച്ച് വിടുകയെന്ന ലക്ഷ്യത്തോടെയാണ് അവർ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചതെന്ന് വിനോദ് പറയുന്നു. കൈയും കാലും ഉൾപ്പെടെ ദേഹമാസകലം തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.
11 വർഷമായി സി.പി.എം എളയാവൂർ സൗത്ത് ലോക്കൽ കമ്മറ്റി സെക്രട്ടറിയായി പ്രവർത്തിക്കുകയാണ് ഇദ്ദേഹം. എടക്കാട് ഏരിയാ കമ്മിറ്റിയിലും പ്രവർത്തിക്കുന്നുണ്ട്. എളയാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റായും വാർഡ് മെമ്പറായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി.സീന 72 വോട്ടിന് വിജയിച്ച ഡിവിഷനാണ് കീഴ്ത്തള്ളി. ഇക്കുറി ഇടതുപക്ഷം സീറ്റ് സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് വിനോദ്. വിജയിച്ചാൽ 200 ൽ അധികം കുടുംബങ്ങൾ നേരിടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുക, ഇതുവരെ നന്നാക്കാതെ തകർന്ന റോഡുകൾ ഗതാഗതയോഗ്യമാക്കുക, വീടില്ലാത്തവർക്ക് സ്ഥലവും വീടും നൽകുക തുടങ്ങിയ കാര്യങ്ങൾ മനസ്സിലുണ്ടെന്ന് വിനോദ് പറഞ്ഞു. ഈരായ് സനിലയാണ് വിനോദിന്റെ ഭാര്യ. മകൻ: വി.ജിഷ്ണു.