ന്യൂഡൽഹി: കോൺഗ്രസ് എം.പി ശശി തരൂർ ട്വിറ്ററിൽ പങ്കുവച്ച ചിത്രവും അതിന് അദ്ദേഹം നൽകിയ അടിക്കുറിപ്പും ഇപ്പോൾ സൈബർ ലോകത്തിന്റെ തലപുകയ്ക്കുകയാണ്. കെറ്റിലിൽ നിന്നും പകരുന്ന ചായയുടെ നിറം ത്രിവർണ പതാകയുടേതാണ്. എന്നാൽ അത് അരിച്ചു വരുമ്പോൾ കാവി നിറമായി മാറുന്നതാണ് തരൂർ പങ്കുവച്ച ചിത്രം.
"രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ സൂചിപ്പിക്കുന്ന ചിത്രം മുംബയ് ആസ്ഥാനമായുള്ള അഭിനവ് കഫാരെയുടെ ഗംഭീര കലാസൃഷ്ടിയാണ്."-തരൂർ ചിത്രത്തിന് ക്യാപ്ഷൻ നൽകി. ചിത്രവും ക്യാപ്ഷനും കൂടിയായതോടെ പോസ്റ്റിൽ എന്താണ് തരൂർ ഉദ്ദേശിച്ചതെന്നാണ് ആളുകൾ ചോദിക്കുന്നത്.
രാജ്യം കാവിവൽക്കരിക്കുകയാണോ? കോൺഗ്രസ് പാര്‍ട്ടി തന്നെ കാവിവൽക്കരിക്കുകയാണോ? തുടങ്ങി നിരവധി കമന്റുകളാണ് തരൂരിന്റെ പോസ്റ്റിന് താഴെ അണിനിരന്നത്. കോണ്‍ഗ്രസിൽ നിന്നും ബി.ജെ.പിയിലേക്കുള്ള കൊഴിഞ്ഞുപോക്കിനെയാണ് തരൂർ ഉദ്ദേശിച്ചതെന്നാണു ചിലർ പറയുന്നത്. കോൺഗ്രസിനുള്ളിൽ ഉൾപ്പോര് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തരൂരിന്റെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്.
— Shashi Tharoor (@ShashiTharoor) November 23, 2020