കാസർകോട്: മുളിയാർ ഗ്രാമപഞ്ചായത്ത് വാർഡിൽ പരസ്പരം മത്സരിക്കുകയാണ് സി.പി.എമ്മും സി.പി.ഐയും. സ്ഥിരമായി സി.പി.എം സ്ഥാനാർത്ഥി മത്സരിക്കുന്ന ചൂരിമൂല വാർഡിൽ സി.പി.ഐ സ്ഥാനാർത്ഥിയെ നിർത്തിയതോടെയാണ് സി.പി.എമ്മും സി.പി.ഐയും ഇടഞ്ഞത്. സി.പി.എമ്മിൽ നിന്ന് നേരത്തെ പുറത്താക്കിയ നേതാവിനെ രംഗത്തിറക്കിയതോടെ സി.പി.എമ്മിന് പ്രകോപനമാകുകയായിരുന്നു
സവാദാണ് ഇവിടെ സി.പി.എം സ്ഥാനാർത്ഥി. അബ്ദുൽ ജാഫറിനെയാണ് സി.പി.ഐ മത്സരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് നാലുതവണ ജില്ലാ നേതാക്കൾ അടക്കം പങ്കെടുത്തു ചർച്ചകൾ നടത്തിയെങ്കിലും ധാരണ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് സി.പി.ഐ നേതൃത്വം പറയുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കാൻ തങ്ങൾക്കും അവകാശമുണ്ടെന്നും പഞ്ചായത്തിൽ ഒരു വാർഡെങ്കിലും തരാൻ സി.പി.എം മര്യാദ കാണിക്കണമായിരുന്നു എന്നും സി.പി.ഐ പറയുന്നു. ധാരണയ്ക്ക് വിപരീതമായി സി.പി.ഐ രംഗത്തുവന്നത് മുന്നണിയുടെ കെട്ടുറുപ്പിനെ ബാധിക്കുന്നുവെന്ന് സി.പി.എമ്മും പറയുന്നു.
സ്ഥിരമായി ജയിക്കുന്നതല്ലെങ്കിലും എൽ.ഡി.എഫിന് നല്ല പ്രതീക്ഷയുള്ള വാർഡാണിത്. ജില്ലാ നേതൃത്വത്തിൽ ഉണ്ടാക്കിയ ധാരണകളെ മറികടന്ന് മുളിയാർ പഞ്ചായത്തിൽ ഒന്നാം വാർഡിൽ നാമനിർദേശ പത്രിക സമർപ്പിച്ചയാൾക്ക് സി.പി.ഐ ജില്ലാകമ്മിറ്റി ചിഹ്നം അനുവദിച്ച് കത്ത് നൽകിയതാണ് സി.പി.എമ്മിന് പ്രശ്നമായത്.
മുളിയാർ ഗ്രാമ പഞ്ചായത്തിൽ തിരഞ്ഞെടുപ്പ് ധാരണ ഉണ്ടായിട്ടില്ല. 200 ലധികം പുതിയ പ്രവർത്തകരുള്ള ഒന്നാം വാർഡിൽ സ്ഥാനാർത്ഥിയെ നിർത്തുകയെന്നത് പ്രവർത്തകരുടെ വികാരമാണ്. പഞ്ചായത്തിൽ ഒരു വാർഡ് പോലും നൽകാത്തതിനാൽ സ്വാധീനമുള്ള സ്ഥലത്ത് സ്ഥാനാർത്ഥികളെ നിർത്തുന്നത് സ്വാഭാവികമാണ്. അതിനെ മുന്നണി മര്യാദയുടെ ലംഘനം എന്ന പേരിട്ടു വിളക്കേണ്ടതില്ല. ഞങ്ങൾ എൽ.ഡി.എഫിന് എതിരൊന്നുമല്ല, സന്യസിക്കാനും പോകില്ല.
കുഞ്ഞിരാമൻ (സി.പി.ഐ മണ്ഡലം സെക്രട്ടറി )
സമീപകാലത്ത് സി.പി.ഐയിലേക്ക് കടന്നു വന്ന ചിലരുടെ സ്വാർത്ഥ താൽപര്യങ്ങൾക്ക് സി.പി.ഐ ജില്ലാ നേതൃത്വം നിന്നുകൊടുക്കുന്നത് ശരിയായ കാര്യമല്ല. ഈ നടപടി സി.പി.ഐ നേതൃത്വം ഇടപെട്ട് മരവിപ്പിക്കണം. സി.പി.ഐ സ്ഥാനാർത്ഥി മത്സരിക്കുന്നതിനാൽ ലീഗ് സ്ഥാനാർത്ഥിയുടെ വിജയം എളുപ്പമാകും.പി . ബാലകൃഷ്ണൻ (എൽ.ഡി.എഫ് മുളിയാർ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി )