പാലക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞതോടെ മുന്നണികളുടെ നെഞ്ചിടുപ്പും വർദ്ധിക്കുകയാണ്. പല വാർഡുകളിലും ശക്തമായ ത്രികോണ മത്സരത്തിനാണ് ഈ തിരഞ്ഞെടുപ്പ് വേദിയാകുന്നത് എങ്കിലും വിമത ശല്യമാണ് ഇടതു - വലതു മുന്നണികളെയും ബി.ജെ.പി നേതൃത്വത്തെയും ഒരുപോലെ അലട്ടുന്ന പ്രശ്നം. ഒപ്പം സ്വതന്ത്ര സ്ഥാനാർത്ഥികളും കൂടിയാകുമ്പോൾ പലയിടത്തും പോരാട്ടം തീപാറുമെന്ന് ഉറപ്പായി.
ജില്ലയിൽ ഏറ്റവും കൂടുതൽ വിമത ശല്യം നേരിടുന്നത് യു.ഡി.എഫാണ്. സീറ്റ് വീതം വയ്പ്പിലെ ഗ്രൂപ്പ് തർക്കങ്ങളാണ് ഇതിന് കാരണം. പ്രമുഖരെ ഉൾപ്പെടെ നേതൃത്വം ഒഴിവാക്കിയതോടെയാണ് ഇവരിൽ ചിലർ പാർട്ടിക്കെതിരെ മത്സരിക്കാൻ തയ്യാറായത്. വിമത സ്ഥാനാർത്ഥികളെയും സ്വതന്ത്രരെയും പിൻവലിപ്പിക്കാൻ അവസാനം നിമിഷംവരെ നടത്തിയ ശ്രമങ്ങൾ ഭാഗികമായി വിജയിച്ചു എന്നേ വിലയിരുത്താനാവൂ. പലരും പിന്മാറാൻ തയ്യാറാകാതിരുന്നത് നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്. കോൺഗ്രസിൽ ചിറ്റൂരിലെ വിമതപ്രശ്നത്തിന് പരിഹാരമായതോടെ നഗരസഭയിൽ അവർക്ക് ആത്മവിശ്വാസം നൽകുന്നതാണ്. ഡി.സി.സി നേതൃത്വവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് മുൻ നഗരസഭ ചെയർമാൻ കെ.മധുവിന് കൈപ്പത്തി ചിഹ്നം അനുവദിച്ചത്. ഇതോടെയാൺ് തർക്കത്തിന് പരിഹാരമായത്. കോൺഗ്രസിലെ ഔദ്യോഗിക സ്ഥാനാർത്ഥി ഗോപകുമാറിനൊപ്പം എട്ടു വാർഡുകളിലെ യുത്ത് കോൺഗ്രസ് വിമതരും ഇതിനകം പത്രിക പിൻവലിച്ചിട്ടുണ്ട്.
പക്ഷേ, പാലക്കാട് കോൺഗ്രസിന് ഇനിയും തലവേദനയൊഴിഞ്ഞിട്ടില്ല. കഴിഞ്ഞ നഗരസഭാ കൗൺസിലിൽ കോൺഗ്രസിന്റെ പാർലിമെന്ററി പാർട്ടി നേതാവായിരുന്ന കെ.ഭവദാസ് പാലക്കാട് നഗരസഭയിലെ കല്ലേപ്പുള്ളി സൗത്തിൽ വിമത സ്ഥാനാർത്ഥിയായി രംഗത്തുള്ളത് നേതൃത്വത്തിന് വലിയ പ്രതിസന്ധിയുണ്ടാക്കും. നാലു തവണ ജനപ്രതിനിധിയായവർ ഇത്തവണ മത്സരിക്കേണ്ടെന്ന സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തെ തുടർന്നാണ് ഭവദാസിന് പാർട്ടി സീറ്റ് നിഷേധിച്ചത്. ഇതോടെ ഭവദാസ് വിമത സ്ഥാനാർഥിയായി പത്രിക നൽകി. കോൺഗ്രസ് സ്ഥാനാർത്ഥിയായി പി.ജി.ജയപ്രകാശിനെയാണ് ഡി.സി.സി അംഗീകരിച്ചിച്ചത്. ഭവദാസ് വിജയിച്ചാൽ അത് നേതൃത്വത്തിന് വലിയ പ്രഹരമാവും. തോറ്റാൽ ഭവദാസിനും ക്ഷീണമാവും. രണ്ടും കോൺഗ്രസിന് നല്ലതല്ല.
ഇതുകൂടാതെ പട്ടാമ്പി നഗരസഭയിൽ യു.ഡി.എഫിന് ഏഴിടത്താണ് വിമത ശല്യമുള്ളത്. പല വാർഡുകളിലും ലീഗിനും വിമത സ്ഥാനാർത്ഥികളുണ്ടെന്നത് വോട്ടെടുപ്പ് അടുക്കുന്തോറും മുന്നണികളെ വെട്ടിലാക്കുന്നുണ്ട്.
സി.പി.എമ്മും സി.പി.ഐയും നേർക്കുനേർ
കോൺഗ്രസിന് വിമതരാണ് പ്രശ്നക്കാരെങ്കിൽ ഇടതുമുന്നണിക്ക് ഘടക കക്ഷിയാണ് തലവേദനയാകുന്നത്. മുന്നണി മര്യാദകൾ ലംഘിച്ചാണ് പലയിടത്തും സി.പി.എമ്മും സി.പി.ഐയും നേർക്കുനേർ മത്സരിക്കുന്നത്.
മണ്ണൂർ പഞ്ചായത്തിലുൾപ്പെടെ 40 തദ്ദേശ വാർഡുകളിലും സി.പി.ഐ തനിച്ച് മത്സരിക്കുന്നുണ്ട്. സി.പി.എം പ്രാദേശിക നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയാണ് സി.പി.ഐ തനിച്ച് മത്സരിക്കാനുള്ള കാരണം.
മണ്ണൂർ പഞ്ചായത്തിൽ മാത്രം 11 വാർഡുകളിൽ ഇരുപാർട്ടികളുടെയും സ്ഥാനാർത്ഥികൾ തമ്മിൽ നേർക്കുനേർ പോരാട്ടമുണ്ട്. വോട്ടുകൾ ഭിന്നിച്ച് പോയാൽ അതിന്റെ ഗുണം യു.ഡി.എഫിനോ ബെ.ജെ.പിക്കോ ലഭിച്ചാൽ പലയിടത്തും ഇടതുപക്ഷത്തിന് സിറ്റിംഗ് സീറ്റുകൾ നഷ്ടമാകുമെന്ന് ഉറപ്പാണ്.
വല്ലപ്പുഴയിൽ ആറ് വാർഡുകളിലും നെല്ലായയിൽ എട്ട് വാർഡുകളിലും മണ്ണാർക്കാട് നഗരസഭയിൽ ആറ് വാർഡുകളിലും കോട്ടോപ്പാടത്ത് മൂന്ന് വാർഡുകളിലും കുമരംപുത്തൂരിൽ ആറു വാർഡുകളിലും സി.പി.ഐ തനിച്ച് മത്സരിക്കുന്നത് ഇടതു മുന്നണിയെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കുന്നുണ്ട്.