ചെറുപുഴ: പാലമില്ലെങ്കിൽ ഇക്കുറി ഒരാൾക്കും വോട്ട് ചെയ്യില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് ചെറുപുഴ പഞ്ചായത്തിൽ പുളിങ്ങോം വില്ലേജിൽ എട്ടാം വാർഡിൽ കോഴിച്ചാലിലെ ഐ.എച്ച്.ഡി.പി കോളനി നിവാസികളായ എഴുപത്തഞ്ചോളം കുടുംബങ്ങൾ. കോഴിച്ചാൽ ടൗണിലും കോളനിയിലേക്കുള്ള വഴിയിലും ബാനറുകൾ കെട്ടിയും വീടുകൾക്ക് മുന്നിൽ പോസ്റ്റർ ഒട്ടിച്ചും പ്രതിഷേധമറിയിക്കുകയാണ് ഇവരെല്ലാം.
കാര്യങ്കോട് പുഴയുടെയും കർണ്ണാടക വനത്തിന്റെയും ഇടയിൽ വന്യമ്യഗങ്ങളുടെ ഭീഷണിയിൽ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി കഴിയുകയാണിവർ. വർഷകാലം വന്നാൽ മറുകര എത്താനാകില്ല. വന്യമൃഗങ്ങൾ ഏതുസമയത്തും കടന്നുവരും. അസുഖം വന്നാൽ ആശുപത്രിയിൽ പോകാൻ കഴിയാത്ത ദുരവസ്ഥയ്ക്ക് ആരു പരിഹാരം കാണും. മാറി മാറി വരുന്ന ഭരണകൂടങ്ങൾ മോഹനവാഗ്ദാനങ്ങൾ നല്കുന്നതല്ലാതെ തങ്ങളുടെ യാതനയും വേദനയും കാണാതെ പോകുന്നതിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്നാണ് കോളനിയിലേക്കുള്ള അപകടാവസ്ഥയിലുള്ള ഇരുമ്പുപാലം കടന്നുവരുന്നവരോട ആബാലവൃദ്ധം ജനങ്ങളും ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്.
കോഴിച്ചാൽ ടൗണിലിറങ്ങി ഒരു കിലോമീറ്റർ നടന്നാൽ കാര്യങ്കോട് പുഴയ്ക്ക് കുറുകെയുള്ള ഇരുമ്പ് പാലം. തുരുമ്പെടുത്ത് അപകടാവസ്ഥയിലായ പാലം കടന്നുവരുന്നവരെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്ന ഒരു കൂട്ടം ആളുകൾ. ഒപ്പം ഉറച്ച ചോദ്യവും രാഷ്ട്രീയക്കാരാണോ, വിലയേറിയ വോട്ടു വേണോ എങ്കിൽ ഞങ്ങൾക്ക് പാലം വേണം.
ആശുപത്രിയിലെത്തിക്കാൻ കഴിയാതെ ഭർത്താവും മകനും മരിച്ച ഒരമ്മയുടെ വിലാപം, കുട്ടികൾ വരാത്തതിനാൽ കളിചിരി ഇല്ലാത്ത അങ്കണവാടി, ആശുപത്രിയിലേക്ക് പോകാൻ വാഹനമെത്താത്ത വേദനയിൽ വിലപിക്കുന്ന ഗർഭിണിയായ വീട്ടമ്മയുടെ സങ്കടം, വെള്ളമില്ലാത്ത ടാപ്പി നു മുന്നിൽ നിൽക്കുന്ന വ്യദ്ധയുടെ ദൈന്യത, വർഷക്കാലത്ത് ഒറ്റപ്പെട്ട് പോകുന്ന ഒട്ടേറെ കുടുംബങ്ങളുടെ ദേഷ്യവും സങ്കടവും...എല്ലാവർക്കും ഒരൊറ്റ ആവശ്യം മാത്രമാണ്. ഒരു പാലം വേണം, എത്രയും വേഗം.