തിരുവല്ല: സ്ഥാനാർത്ഥിയുടെ തിരക്കുകൾക്കിടയിലും ചുവരെഴുത്ത് മാറ്റിവയ്ക്കാൻ ശിവദാസൻ ഒരുക്കമല്ല. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ മേപ്രാൽ ഡിവിഷൻ രണ്ടാം വാർഡിൽ നിന്ന് എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ടി.ജി ശിവദാസാണ് ചുവരെഴുത്തിലും സജീവമാകുന്നത്. 30 വർഷമായി ചുവരെഴുത്ത് രംഗത്ത് സജീവമായ ശിവദാസൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഇതാദ്യമായാണ്. അതുകൊണ്ടുതന്നെ സ്വന്തം പേരും ചുവരിലെഴുതാനുള്ള ഭാഗ്യം ലഭിച്ചു. ഉപജീവനമായതിനാൽ മറ്റ് സ്ഥാനാർത്ഥികൾക്ക് വേണ്ടിയും ശിവദാസൻ ചുവരെഴുതുന്നുണ്ട്. ജോലിയുടെ തിരക്കുകൾക്കിടയിലും ഗൃഹസമ്പർക്കം ഉൾപ്പടെയുള്ള പ്രചരണ രംഗത്തും ശിവദാസൻ സജീവമാണ്. സേവാഭാരതി പെരിങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു വരവെയാണ് ശിവദാസിനെ തേടി സ്ഥാനാർത്ഥിത്വം എത്തിയത്. യു.ഡി.എഫിലെ രാജേഷ് ചാത്തങ്കരി, എൽ.ഡി.എഫ് സ്വതന്ത്രൻ സോമൻ താമരച്ചാൽ എന്നിവരാണ് ഡിവിഷനിലെ മറ്റു മത്സരാർത്ഥികൾ.