കൊച്ചി: എറണാകുളം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് 7,255 സ്ഥാനാർത്ഥികൾ. മത്സരചിത്രം തെളിഞ്ഞതോടെ പ്രചാരണം ഊർജിതമായി. സ്ഥാനാർത്ഥികളും മുന്നണികളും പാർട്ടികളും കൊവിഡ് പ്രതിസന്ധികൾ മറികടന്ന് വോട്ടുകൾ സ്വന്തമാക്കാൻ തന്ത്രങ്ങൾ മിനുക്കുന്ന തിരിക്കിലേയ്ക്ക്.
കൊച്ചി കോർപ്പറേഷനിൽ 400 സ്ഥാനാർത്ഥികളുണ്ട്. ജില്ലയിലെ മുനിസിപ്പാലിറ്റികളിൽ 1,415 സ്ഥാനാർത്ഥികളും. ജില്ലാ പഞ്ചായത്തിൽ 105 ഉം ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 611 ഉം ഗ്രാമപഞ്ചായത്തുകളിലേക്ക് 4,724 സ്ഥാനാർത്ഥികളുമുണ്ട്.
സമർപ്പിച്ചവയിൽ 3401 നാമനിർദേശപത്രികകളാണ് പിൻവലിച്ചത്. 152 പത്രികകൾ സൂക്ഷ്മ പരിശോധനയിൽ തള്ളി.
സ്വതന്ത്രസ്ഥാനാർത്ഥികൾക്കുള്ള ചിഹ്നങ്ങളും കഴിഞ്ഞ ദിവസം വരണാധികാരികൾ അനുവദിച്ചു. അംഗീകൃത പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെയും യോഗങ്ങൾ ഇന്നലെ ആരംഭിച്ചു.
ചൂടുപിടിച്ച് പ്രചാരണം
പ്രചാരണം ചൂടുപിടിച്ചുകഴിഞ്ഞു. ഒരുവട്ടം പര്യടനം പൂർത്തിയാക്കിയ സ്ഥാനാർത്ഥികളുണ്ട്. ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലാണ് താഴേത്തട്ടിൽ പ്രചാരണം ശക്തമായത്. രണ്ടും മൂന്നും പേരുൾപ്പെട്ട സ്ക്വാഡുകൾ വീടുകൾ തോറും കയറിയി വോട്ടഭ്യർത്ഥന ആരംഭിച്ചു. രാവിലെയും വൈകിട്ടുമായാണ് സ്ക്വാഡ് പ്രവർത്തനം പ്രധാനമായും നടക്കുന്നത്.
വ്യക്തിബന്ധങ്ങളും സൗഹൃദങ്ങളും വോട്ടാക്കി മാറ്റുന്ന പ്രവർത്തനവും ഉൗർജിതമായി. രാഷ്ട്രീയ വിഷയങ്ങളിലേക്ക് പ്രചാരണം വഴിമാറുന്ന ദിനങ്ങളാണ് വരുന്നതെന്ന് നേതാക്കൾ പറയുന്നു. താല്പര്യമുള്ള വിഷയങ്ങൾ പൊലിപ്പിക്കാനുള്ള ഒരുക്കത്തിലാണ് രാഷ്ട്രീയ പാർട്ടികൾ.
ബാലറ്റ് അച്ചടി ഇന്ന് മുതൽ
ബാലറ്റ് പേപ്പറുകളുടെ അച്ചടി ഇന്നാരംഭിക്കും. കാക്കനാട് ഗവൺമെന്റ് പ്രസിൽ എറണാകുളം, തൃശൂർ ജില്ലകളിലേക്കുള്ള ബാലറ്റ് പേപ്പറുകളാണ് അച്ചടിക്കുന്നത്. രണ്ടു ജില്ലകളിലേക്കും 4,107 ബാലറ്റുകൾ അച്ചടിക്കും.
മൂന്ന് നിറങ്ങളിലുള്ള ബാലറ്റുകളാണ് ഉപയോഗിക്കുന്നത്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലേക്ക് വെള്ള, ബ്ലോക്ക് പഞ്ചായത്തിലേക്ക് പിങ്ക്, ജില്ലാ പഞ്ചായത്തിലേക്ക് നീല നിറങ്ങളിലാണ് ബാലറ്റുകൾ. സ്ഥാനാർത്ഥിയുടെ ഫോട്ടോ ഉപയോഗിക്കില്ല. വരണാധികാരികൾ പ്രസിൽ നേരിട്ടെത്തി അംഗീകരിച്ചു നൽകുന്ന സ്ഥാനാർത്ഥി പട്ടികയാണ് അച്ചടിക്കുക. കൂടുതൽ തെളിമയുള്ളതും മൃദുവായതുമായ സൂപ്പർ പ്രിന്റ് പേപ്പറാണ് ബാലറ്റിന് ഉപയോഗിക്കുന്നത്.
ഗ്രാമപഞ്ചായത്തുകളിൽ ഒരു പോളിംഗ് സ്റ്റേഷനിലേക്ക് 50 ഉം നഗരസഭാ പരിധിയിൽ 70 ഉം ബാലറ്റുകളുമാണ് നൽകുന്നത്.
15,660 ഉദ്യോഗസ്ഥർ
ജില്ലയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 15,660 ഉദ്യോഗസ്ഥരെ നിയോഗിക്കും. 3,132 ജീവനക്കാർ റിസർവ്ഡ് വിഭാഗത്തിലുണ്ട്. ഒരു പോളിംഗ് ബൂത്തിലേക്ക് അഞ്ച് ഉദ്യോഗസ്ഥരെ വീതമാണ് നിയമിക്കുന്നത്. പ്രിസൈഡിംഗ് ഓഫീസർ, ഒരു ഫസ്റ്റ് പോളിംഗ് ഓഫീസർ, രണ്ട് പോളിംഗ് ഓഫീസർമാർ, ഒരു പോളിംഗ് അസിസ്റ്റന്റ് എന്നിവരാണ് ഒരു ബൂത്തിലുണ്ടാകുക.
വനിതാ ജീവനക്കാരെ മാത്രമായി ഒരു ബൂത്തിലേക്കും നിയമിച്ചിട്ടില്ല. അഞ്ച് ഉദ്യോഗസ്ഥരിൽ ഒരാൾ മാത്രം വനിതയാകുന്ന സാഹചര്യവും ഒഴിവാക്കി. ഒരു ബൂത്തിൽ കുറഞ്ഞത് രണ്ടു വനിതകളുണ്ടാകും. ജീവനക്കാർക്കുള്ള പരിശീലനം നവംബർ 30, ഡിസംബർ 1, 2 തീയതികളിൽ നടക്കും. അതാത് ബ്ലോക്ക്, മുനിസിപ്പൽ കേന്ദ്രങ്ങളിലായിരിക്കും പരിശീലനം നൽകുക.