പ്രദീപ്കുമാറിന് കുരുക്കായത് കടയിലെ
സി.സി ടി.വി ദൃശ്യവും സിംകാർഡും
കാസർകോട് : നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയായ വിപിൻലാലിനെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കെ.ബി. ഗണേശ് കുമാർ എം.എൽ.എയുടെ ഓഫീസ് സെക്രട്ടറി ബി. പ്രദീപ് കുമാറിന് കുരുക്കായത് സി.സി ടിവി ദൃശ്യവും സിംകാർഡും. വിപിൻലാലിനെ ഭീഷണിപ്പെടുത്താൻ വീട്ടിലെത്തിയ പ്രദീപ്കുമാർ അവിടെനിന്ന് നേരെ പോയത് അമ്മാവൻ ഗിരീഷ് കുമാർ ജോലി ചെയ്യുന്ന കാസർകോട് ജുവലറിയിലായിരുന്നു. കടയിലെത്തി അമ്മാവനെ ഭീഷണിപ്പെടുത്തി 7200 രൂപ നൽകി വാച്ചു വാങ്ങിയ ദൃശ്യം സിസി ടിവിയിൽ പതിഞ്ഞതാണ് തിരിച്ചറിയാൻ പ്രധാന തെളിവായത്. ഈ ദൃശ്യങ്ങൾ വിപിൻലാൽ ബേക്കൽ പൊലീസിന് കൈമാറി. മുൻകൂർ ജാമ്യം നേടാൻ പ്രദീപ്കുമാർ കോടതിയെ സമീപിച്ചപ്പോൾ പിന്നിൽ പ്രവർത്തിച്ച വലിയ ശൃംഖലയെ വെളിച്ചത്തു കൊണ്ടുവരാൻ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന നിലപാട് പൊലീസ് സ്വീകരിച്ചു. കേസിൽ കൂടുതൽ പേർ പ്രതികളാകാനുള്ള സാദ്ധ്യതയും പൊലീസ് സൂചിപ്പിക്കുന്നു.
സിം കാർഡ്
തമിഴ്നാട് തിരുനെൽവേലിയിൽ നിന്നു സിം കാർഡ് എടുത്തു നൽകിയത് പ്രദീപ് കുമാറിന്റെ സുഹൃത്ത് മുത്തുപാണ്ഡ്യൻ ആണെന്ന് പൊലീസ് കണ്ടെത്തി. തിരുനെൽവേലി കാറ്റാലത്തെ രത്തിനസ്വാമിയുടെ പേരിലുള്ളതാണ് സിം. മുത്തുപാണ്ട്യൻ, മനോജ്, ബിശ്വാസ് എന്നീ പ്രദീപിന്റെ സുഹൃത്തുക്കളെ കേസിൽ വിശദമായി ചോദ്യംചെയ്യണം. കാഞ്ഞങ്ങാട് റസിഡൻസിയിൽ താമസിക്കാൻ സൗകര്യം ചെയ്ത മനീഷിനെയും ചോദ്യം ചെയ്യണം. സോളാർ കേസിൽ അട്ടക്കുളങ്ങര ജയിലിൽ സരിതയെ കണ്ട് മൊഴിമാറ്റാൻ പ്രേരിപ്പിച്ചതിന് പ്രദീപ് കുമാറിനെ സോളാർ കമ്മിഷൻ വിസ്തരിച്ചിട്ടുള്ളതാണെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. നടൻ ദിലീപുമായി വ്യക്തിപരമായി ബന്ധമില്ലെന്നാണ് പ്രദീപ് മൊഴി നൽകിയത്.
ഗണേശ്കുമാർ എം.എൽ.എയുടെ
ഓഫീസ് സെക്രട്ടറി അറസ്റ്റിൽ
കൊല്ലം: നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പത്തനാപുരം എം.എൽ.എ കെ.ബി. ഗണേശ്കുമാറിന്റെ ഓഫീസ് സെക്രട്ടറി കോട്ടാത്തല പ്രദീപ് കുമാറിനെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രദീപ് കുമാറിന്റെ മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്ന് കൊല്ലം പത്തനാപുരത്തെ വീട്ടിലെത്തിയായിരുന്നു അറസ്റ്റ്. കൊട്ടാരക്കര എസ്.പി ഓഫീസിൽ നിന്ന് പ്രത്യേക പൊലീസിനെ രാവിലെ തന്നെ പത്തനാപുരത്ത് വിന്യസിച്ചിരുന്നു.
കേസിൽ മാപ്പുസാക്ഷിയായ ബേക്കൽ മലാംകുന്ന് സ്വദേശി വിപിൻലാൽ കോടതിയിൽ നൽകിയ മൊഴി മാറ്റണമെന്ന് വീട്ടിലെത്തിയും ഫോണിലൂടെയും പലതവണ ആവശ്യപ്പെടുകയും വഴങ്ങാത്തതിന് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.
താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അറസ്റ്റിന് സാദ്ധ്യതയുള്ളതിനാൽ മുൻകൂർ ജാമ്യം വേണമെന്നും ആവശ്യപ്പെട്ടാണ് പ്രദീപ് കുമാർ കാസർകോട് കോടതിയെ സമീപിച്ചിരുന്നത്.
ജീവന് ഭീഷണിയുണ്ട്, മൊഴിയിൽ
ഉറച്ചുനിൽക്കും:ജിൻസൺ
തൃശൂർ: നടിയെ ആക്രമിച്ച കേസിൽ ജീവന് ഭീഷണിയുണ്ടെന്നും സ്വാധീനങ്ങൾക്ക് വഴങ്ങാതെ ദിലീപിന് എതിരായ മൊഴിയിൽ ഉറച്ചുനിൽക്കുമെന്നും പ്രധാന സാക്ഷികളിൽ ഒരാളായ ജിൻസൺ മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രതിഭാഗത്തിന് അനുകൂലമായി മൊഴിമാറ്റാൻ സമ്മർദ്ദമുണ്ട്. തന്നെ സ്വാധീനിക്കാൻ വിളിച്ച ആളുടെ സംഭാഷണം സി.ഡിയിലാക്കി സൂക്ഷിച്ചിട്ടുണ്ട്. ഇതുൾപ്പെടെ പൊലീസിന് കൈമാറും. പ്രതിക്ക് അനുകൂലമായി മൊഴി നൽകിയാൽ അഞ്ച് സെന്റ് സ്ഥലവും 25 ലക്ഷം രൂപയുമാണ് വാഗ്ദാനം ചെയ്തത്. രണ്ട് തവണ വിളിച്ചിരുന്നു. വിളിക്കുന്നത് അഭിഭാഷകൻ പറഞ്ഞിട്ടാണെന്നും ദിലീപ് അറിഞ്ഞിട്ടാണെന്നുമാണ് പറഞ്ഞത്. ആദ്യം സൗഹാർദ്ദത്തോടെയാണ് വിളിച്ചത്. വിചാരണ തുടങ്ങിയ ശേഷമാണ് രണ്ടാമത് വിളിച്ചത്. തീവ്രവാദക്കേസ് ആരോപിക്കപ്പെട്ടവരുടെ ബന്ധുവാണ് വിളിച്ചതെന്നാണ് അറിയുന്നത്. അതുകൊണ്ടാണ് ജീവന് ഭീഷണിയുണ്ടെന്ന് പറയുന്നത്. ജിൻസൻ പീച്ചി പൊലീസിൽ ഇ മെയിൽ വഴി പരാതി നൽകി. പൊലീസ് അന്വേഷണം തുടങ്ങി. പ്രധാന പ്രതി പൾസർ സുനിയുടെ സഹതടവുകാരനായിരുന്നു ചുവന്നമണ്ണ് സ്വദേശി നെല്ലിക്കൽ ജിൻസൺ (40).