കാസർകോട്: ഫാഷൻ ഗോൾഡ് ജുവലറി തട്ടിപ്പ് കേസിൽ അറസ്റ്റിലായശേഷം അഞ്ചുദിവസമായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എം.സി. ഖമറുദ്ദീൻ എം.എൽ.എയെ വീണ്ടും കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്കു മാറ്റി. ഖമറുദ്ദീന് തൽക്കാലം ആൻജിയോ പ്ലാസ്റ്റി നടത്തേണ്ടതില്ലെന്ന് പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ബോർഡ് തീരുമാനിച്ചതിനെ തുടർന്നാണ് ജയിലിലേക്ക് മാറ്റിയത്.
കഴിഞ്ഞദിവസം ആൻജിയോഗ്രാം ചെയ്തപ്പോൾ ഹൃദയ ധമനിയിൽ തടസം കണ്ടെത്തിയിരുന്നു. അതിനാൽ ആൻജിയോപ്ലാസ്റ്റി ചെയ്യേണ്ടി വരുമെന്ന നിഗമനത്തിലായിരുന്നു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ. എം കുര്യാക്കോസ്, സൂപ്രണ്ട് ഡോ. കെ സുധീപ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി. കെ. മനോജ്, ഹൃദ്റോഗ വിദഗ്ധൻ ഡോ. എസ്. എം. അഷ്റഫ്, മെഡിസിൻ വിഭാഗം മേധാവി ഡോ. രഞ്ജിത്ത് കുമാർ എന്നിവരടങ്ങുന്ന മെഡിക്കൽ ബോർഡ് ഖമറുദ്ദീനെ രണ്ട് ദിവസത്തെ നിരീക്ഷണത്തിൽ ആക്കി പരിശോധന നടത്തിശേഷമാണ് മരുന്നു മാത്രം നൽകിയാൽ മതിയെന്ന് തീരുമാനിച്ചത്. 56 കേസുകളിലാണ് ഖമറുദ്ദീൻ റിമാൻഡിൽ കഴിയുന്നത്. മൂന്നു കേസുകളിൽ ജാമ്യം ലഭിക്കുന്നതിനുള്ള അപേക്ഷ പ്രതിഭാഗം ഹൈക്കോടതിയിൽ നൽകിയിരുന്നു. ഈ ഹർജി സർക്കാർ നിലപാട് അറിയുന്നതിന് മാറ്റിവച്ചിരിക്കുകയാണ്.
കൂട്ടുപ്രതികൾ ഒളിവിൽ
ജുവലറി നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതികളായ ടി.കെ. പൂക്കോയ തങ്ങൾ, മകൻ ഇഷാം, സൈനുൽ ആബിദീൻ എന്നിവർ ഇപ്പോഴും ഒളിവിലാണ്. ഇവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കങ്ങൾ എങ്ങുമെത്തിയില്ല.