ചെങ്ങറ: രക്തസമ്മർദം പരിശോധിക്കാൻ വീടുകൾ തോറും കയറിയിറങ്ങുന്ന ചെങ്ങറ മനാത്തറയിൽ സിജിമോൾ മാത്യു കോന്നി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാണ്. ലാബ് ടെക്നീഷ്യനായ സിജി പ്രവാസി മലയാളി സംഘടനയുമായി ചേർന്ന് കഴിഞ്ഞ രണ്ടുവർഷമായി ചെങ്ങറയിലെയും പരിസര പ്രദേശങ്ങളിലെയും വീടുകളിലെത്തി രക്തസമ്മർദവും കൊളസ്ട്രോളും പ്രമേഹവും മറ്റ് ലബോറട്ടറി പരിശോധനകളും നടത്തുന്നുണ്ട്. കിടപ്പുരോഗികൾക്കും വൃദ്ധജനങ്ങൾക്കും ഇത് ഏറെ ആശ്വാസമാണ്. ആഴ്ചയിൽ നാലു ദിവസം വിവിധയിടങ്ങളിലായി സിജിയും സഹപ്രവർത്തകരും പരിശോധനകളും മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കുന്നു. വോട്ടുതേടിയിറങ്ങുമ്പോഴും പലരും പരിശോധന നടത്താൻ സ്ഥാനാർത്ഥിയോട് ആവശ്യപ്പെടുന്നുമുണ്ട്. ബി.എസ് സി എം. എൽ.ടി പാസായ സിജി കോന്നിയിലെ സ്വകാര്യ ലാബിലെ ടെക്നീഷ്യനാണ്. ഭർത്താവ് ചെങ്ങറ മനാത്തറയിൽ എം.ബി.മാത്യു. ഇരട്ടക്കുട്ടികളായ മക്കൾ അൻസിലും അൻസുവും പത്തനംതിട്ട ഹോളി എയ്ഞ്ചൽ മോഡൽ ഹയർ സെക്കന്‍ഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥികളാണ്.