തിരുവനന്തപുരം : മുൻ ഇന്ത്യൻ ഫുട്ബാൾ നായകൻ വി.പി സത്യന്റെ വിധവയും സംസ്ഥാന സ്പോർട്സ് കൗൺസിൽ ജീവനക്കാരിയുമായ അനിത സത്യന്റെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട ഫയൽ കഴിഞ്ഞ രണ്ടുവർഷത്തോളമായി പൂഴ്ത്തിവച്ചിരുന്നത് കൗൺസിലിലെ മുൻ അസിസ്റ്റന്റ് സെക്രട്ടറിയെന്ന് സൂചന. അനിതയോടുള്ള അനീതിയെപ്പറ്റി ഇന്നലെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് കായിക മന്ത്രിയുടെ ഓഫീസിൽ നിന്ന് നടത്തിയ അന്വേഷണത്തിലാണ് ഫയൽ പൂഴ്ത്തലിന്റെ ചുരുളഴിഞ്ഞത്.
സെക്രട്ടറിയേറ്റിൽ നിന്ന് ഡെപ്യൂട്ടേഷനിൽ അസിസ്റ്റന്റ് സെക്രട്ടറിയായി എത്തിയിരുന്ന ഉദ്യോഗസ്ഥൻ അനിതുടേത് ഉൾപ്പടെ നിരവധി ജീവനക്കാരുടെ അർഹമായ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചതായും ഇതിന് കൗൺസിൽ ഭരണസമിതിയുടെ തലപ്പത്തുള്ളവരുടെ പിന്തുണ ഉണ്ടായിരുന്നതായും അറിയുന്നു. രണ്ടുകൊല്ലം സർവീസ് പൂർത്തിയായ ജീവനക്കാരുടെ പ്രൊബേഷൻ ഡിക്ളയർ ചെയ്യുന്നതും ഇയാൾ വൈകിപ്പിച്ചിരുന്നു.
കേരളകൗമുദി വാർത്തയെത്തുടർന്ന് കായിക മന്ത്രിയുടെ ഓഫീസിലേക്ക് അനിതയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഫയലുകൾ എത്തിക്കാൻ കൗൺസിൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അനിതാ സത്യന് നേരിടേണ്ടിവന്ന അനീതിയെപ്പറ്റി കായികരംഗത്തെ പ്രമുഖർ പ്രതികരിക്കുന്നു
പരമ കഷ്ടം കൗൺസിലിന്റെ കാര്യം
വി.പി സത്യനെ കേരളത്തിലെ കായികപ്രേമികൾക്ക് മറക്കാൻ കഴിയുമോ?. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് അർഹതപ്പെട്ട പ്രൊമോഷൻ നൽകാതെ തട്ടിക്കളിക്കുന്നത് എന്തൊരു കഷ്ടമാണത്. സത്യന്റെ ഭാര്യ കൗൺസിലിൽ ജോലി നോക്കുന്നുണ്ടോ എന്നുപോലും അറിയാത്ത സെക്രട്ടറിയാണ് സ്പോർട്സ് കൗൺസിലിലുള്ളത്. കേരളത്തിലെ കായിക പ്രേമികൾ ഈ തെറ്റ് ക്ഷമിക്കില്ല.
ഞാൻ കായിക മന്ത്രിയായിരുന്ന സമയത്ത് ഒരു ദേശീയ ഗെയിംസ് വിജയകരമായി നടത്തുകയും കേരളത്തിലെ എല്ലാ ജില്ലകളിലും സ്റ്റേഡിയങ്ങളും ട്രാക്കുകളുമൊക്കെയായി അടിസ്ഥാനസൗകര്യമൊരുക്കുകയും ചെയ്തു.അതിനപ്പുറം എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ കഴിഞ്ഞിട്ടുണ്ടോ?.വട്ടിയൂർക്കാവിലെ ഷൂട്ടിംഗ് റേഞ്ചിന്റെ നന്നത്തെ സ്ഥിതിയെന്താണ്.പട്യാലയിലെപ്പോലെ സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാൻ എടുത്തിട്ട 11 ഏക്കർ ഭൂമി അതേപോലെ കിടപ്പുണ്ട്. പുരോഗമനപരമായ ഒരുകാര്യവും നടത്താൻ കൗൺസിലിന് നൽകിയിട്ടില്ല.
കായികരംഗത്തുനിന്നു വന്ന ഒരാൾ കൗൺസിലിന്റെ തലപ്പത്തിരിക്കുമ്പോഴാണ് ഈ അനീതിയെന്ന് ഓർക്കണം.ഈ കൗൺസിൽ ഭാരവാഹികൾ അധികാരമേറിയതുമുതൽ അവർ തമ്മിലുള്ള മത്സരങ്ങളുടെ വാർത്തകൾ മാത്മാണ് പുറത്തുവരുന്നത്.അതുകൊണ്ടാണ് അർഹതപ്പെട്ട ജീവനക്കാരുടെ ആനുകൂല്യം പോലും തടഞ്ഞുവയ്ക്കുന്നത്. കായികകേരളം ഏറ്റവും സ്നേഹിക്കുന്ന ഒരാളുടെ വിധവയോടുപോലും ക്രൂരത കാണിക്കുന്നതിനെപ്പറ്റി പരമകഷ്ടം എന്നല്ലാതെ എന്തുപറയാൻ.
- തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,
മുൻ സംസ്ഥാന കായിക മന്ത്രി
വി.പി സത്യന്റെ ഭാര്യയ്ക്ക് പോലും നീതി ലഭിക്കുന്നില്ല എന്ന വാർത്ത ഞെട്ടലോടെയാണ് വായിച്ചത്. ഒരു വനിത,അതും ഒളിമ്പ്യനായ ഒരു കായികതാരം പ്രസിഡന്റായിരിക്കുന്ന സ്ഥാപനം ഇങ്ങനെചെയ്യുന്നത് എന്തൊരു ഉത്തരവാദിത്വം ഇല്ലായ്മയാണ്. ഐ.എം വിജയനെപ്പോലെ ഫുട്ബാൾ രംഗത്തുനിന്ന് വന്നയാളും ഭരണസമിതിയിലുള്ളപ്പോൾ അനിതയ്ക്ക് ഇത്തരമൊരു അവസ്ഥ വരാൻ പാടില്ലായിരുന്നു. അർജുന അവാർഡ് ലഭിക്കാൻ അർഹതയുണ്ടായിരുന്ന ഫുട്ബാളറാണ് സത്യൻ. മരണാനന്തര ബഹുമതിയായെങ്കിലും അത് ലഭിക്കാൻ മുൻകൈ എടുക്കേണ്ടത് നമ്മുടെ സർക്കാരാണ്. അതും ചെയ്തിട്ടില്ല. ഞാനും കൗൺസിലിലെ ഒരു മുൻ ജീവനക്കാരനാണ്. ഞങ്ങളുടെ പെൻഷൻ പോലും സമയത്ത് ലഭിക്കാറില്ല. ഒന്നരക്കൊല്ലം മുമ്പ് പെൻഷർ പറ്റിയവർ ഗ്രാറ്റുവിറ്റി ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾക്കായി ഇപ്പോഴും കയറിയിറങ്ങുകയാണ്. കെടുകാര്യസ്ഥതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് സ്പോർട്സ് കൗൺസിൽ.
- ടി.കെ ചാത്തുണ്ണി
ഫുട്ബാൾ കോച്ച്
അനിതച്ചേച്ചിയോട് കൗൺസിൽ കാട്ടുന്നത് കായികകേരളത്തിനുതന്നെ അപമാനകരമാണ്.സത്യേട്ടനെ ഹൃദയത്തിൽ ആരാധിക്കുന്നവർ ഇപ്പോഴുമുണ്ട്. അനിതേച്ചിക്ക് ജോലി നൽകിയ അന്നത്തെ സർക്കാരിന്റെ തീരുമാനം അഭിനന്ദനാർഹമായിരുന്നു. എന്നാൽ ഇപ്പോൾ കാണിക്കുന്നത് തികച്ചും അനീതിയാണ്. ഇതിനെതിരെ കായികകേരളം ശക്തമായി പ്രതിഷേധിക്കണം.
- ടോം ജോസഫ്,
വോളിബാൾ താരം