മിലാൻ : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ഗ്രൂപ്പ് റൗണ്ടിൽ ഇന്ന് നടക്കുന്ന മത്സരങ്ങളിൽ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കും മുൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡും ലിവർപൂളും ഇന്റർ മിലാനും ഉൾപ്പടെ പ്രബലന്മാർ കളത്തിലിറങ്ങും.
ഇറ്റലിയിലെ മിലാനിൽ ഇന്റർ മിലാനും റയൽ മാഡ്രിഡും തമ്മിൽ നടക്കുന്ന പോരാട്ടമാകും ഏറ്റവും വാശിയേറിയത്.ഗ്രൂപ്പ് ബിയിൽ മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ റയൽ മൂന്നാം സ്ഥാനത്തും ഇന്റർ നാലാമതുമാണ്.നോക്കൗട്ട് റൗണ്ടിലേക്ക് കടക്കാൻ ഇരു ടീമുകൾക്കും വിജയം അനിവാര്യമാണ്. റയലിന് ആദ്യ മൂന്ന് മത്സരങ്ങളിൽ ഒരെണ്ണം മാത്രമാണ് ജയിക്കാൻ കഴിഞ്ഞത്. ആകെയുള്ളത് നാലുപോയിന്റും.ഇന്ററാകട്ടെ ഒറ്റക്കളിയും ജയിച്ചിട്ടില്ല. രണ്ട് സമനിലകളിൽ നിന്ന് ലഭിച്ച രണ്ടുപോയിന്റാണുള്ളത്. അഞ്ചുപോയിന്റുമായി ബൊറൂഷ്യ മോൺഷെംഗ്ളാബാഷും നാലുപോയിന്റുമായി ഷാക്തർ ഡോണെസ്കുമാണ് ബി ഗ്രൂപ്പിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഇവർ തമ്മിലുള്ള പോരാട്ടവും ഇന്ന് നടക്കും.
ഇന്ന് നടക്കുന്ന മറ്റ് മത്സരങ്ങളിൽ ഇംഗ്ളീഷ് ക്ളബ് ലിവർപൂൾ ഇറ്റാലിയൻ ക്ളബ് അറ്റലാന്റയെയും ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്ക് സാൽസ്ബർഗിനെയും നേടിടും. സ്പാനിഷ് ക്ളബ് അത്ലറ്റിക്കോ മാഡ്രിഡിന് റഷ്യൻ ക്ളബ് ലോക്കോമോട്ടീവ് മോസ്കാവയാണ് എതിരാളികൾ.മാഞ്ചസ്റ്റർ സിറ്റി ഒളിമ്പിക് പിറേയൂസിനെയും ഡച്ച് ക്ളബ് അയാക്സ് മൈറ്റിലാൻഡിനെയും നേരിടും.
ആദ്യമൂന്ന് മത്സരങ്ങളിലും തകർപ്പൻ ജയം നേടിക്കഴിഞ്ഞ ബയേൺ മ്യൂണിക്കിന് ഇന്ന് സാൽസ് ബർഗിനെ തോൽപ്പിക്കാനായാൽ പ്രീ ക്വാർട്ടർ ബർത്ത് ഉറപ്പിക്കാം. എ ഗ്രൂപ്പിൽ ബയേണിന് ഒൻപത് പോയിന്റുകൾ ഉള്ളപ്പോൾ രണ്ടാംസ്ഥാനക്കാരായ അത്ലറ്റിക്കോയ്ക്ക് നാലുപോയിന്റേയുള്ളൂ.സി ഗ്രൂപ്പിൽ ആദ്യമൂന്ന് മത്സരങ്ങളിലും ജയിച്ച മാഞ്ചസ്റ്റർ സിറ്റി ഒളിമ്പ്യാക്കോസിനെ ഇന്ന് കീഴടക്കിയാൽ പ്രീക്വാർട്ടർ ഉറപ്പിക്കും. ആറുപോയിന്റുമായി ഗ്രൂപ്പിൽ രണ്ടാമതുള്ള എഫ്.സി പോർട്ടോ ഇന്ന് മാഴ്സയെ നേരിടുന്നുണ്ട്. ഡി ഗ്രൂപ്പിൽ ലിവർപൂളും ആദ്യമൂന്ന് കളികളും ജയിച്ചിരുന്നു.
ഇന്നത്തെ മത്സരങ്ങൾ
ബൊറൂഷ്യ Vs ഷാക്തർ ഡോണെസ്ക്
ഒളിമ്പ്യാക്കോസ് Vs മാൻ.സിറ്റി
(രാത്രി 11.25 മുതൽ)
ഇന്റർ മിലാൻ Vs റയൽ മാഡ്രിഡ്
അയാക്സ് Vs മൈറ്റിലാൻഡ്
അത്ലറ്റിക്കോ Vs മോസ്കാവ
ബയേൺ മ്യൂണിക്ക് Vs സാൽസ്ബർഗ്
ലിവർപൂൾ Vs അറ്റലാന്റ
എഫ്.സി പോർട്ടോ Vs മാഴ്സെ
(രാത്രി 1.30 മുതൽ)
ടി.വി ലൈവ് :സോണി ചാനൽ ശൃംഖലയിൽ