പത്തനംതിട്ട: ത്രിതല പഞ്ചായത്ത്, നഗരസഭ വാർഡുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ കൂടുതലും വനിതകൾ. സംവരണത്തിലൂടെ വനിതാ വാർഡുകൾ പകുതിയിലധികം വരുന്നതോടൊപ്പം ജനറൽ വാർഡുകളിലും വനിതകൾ ഇടംതേടി.
ജില്ലയിലെ 3699 സ്ഥാനാർത്ഥികളിൽ 2007 പേർ വനിതകളാണ്. 692 പുരുഷൻമാരും മത്സരരംഗത്തുണ്ട്. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലുമായി 1042 മണ്ഡലങ്ങളിൽ 553 സീറ്റുകൾ വനിതാ സംവരണമാണ്. ജില്ലാ പഞ്ചായത്തിലൊഴികെ മറ്റ് തദ്ദേശ സ്ഥാപനങ്ങളിലെല്ലാം വനിതാ സ്ഥാനാർത്ഥികളാണ് കൂടുതൽ.
ജില്ലാ പഞ്ചായത്തിൽ
16 മണ്ഡലങ്ങളിൽ എട്ടെണ്ണം വനിതാ സംവരണമാണ്. 26 വനിതകളാണ് മത്സരിക്കാനുള്ളത്. 34 പുരുഷൻമാരുണ്ട്.
ഗ്രാമപഞ്ചായത്തുകളിൽ
53 ഗ്രാമപഞ്ചായത്തുകളിൽ 2803 സ്ഥാനാർത്ഥികളിൽ 1533 വനിതകളാണ് മത്സരിക്കാനുള്ളത്. 788 വാർഡുകളിൽ 412 വനിതാ സംവരണ വാർഡുകളാണ്.
ബ്ലോക്ക് പഞ്ചായത്തുകളിൽ
189 സ്ത്രീകളാണ് മത്സരിക്കുന്നത്. എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലായി 106 ഡിവിഷനുകളിൽ 342 സ്ഥാനാർത്ഥികളാണുള്ളത്. ബ്ലോക്കുകളിൽ 57 വനിതാസംവരണ വാർഡുകളുണ്ട്.
നഗരസഭകളിൽ
നാല് നഗരസഭകളിലേക്ക് 235 വനിതകളാണ് മത്സരരംഗത്ത്. 132 വാർഡുകളിൽ 494 സ്ഥാനാർത്ഥികളാണ് ആകെയുള്ളത്. 67 വനിതാ സംവരണ വാർഡുകളാണുള്ളത്. 21 മുതൽ 60 വയസുള്ളവരെയുള്ളവർ വരെ മത്സരരംഗത്തുണ്ട്.