മുംബയ് : പരിക്കിൽ നിന്ന് പൂർണമോചിതരാകാത്ത രോഹിത് ശർമയ്ക്കും ഇഷാന്ത് ശർമയ്ക്കും ആസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾ നഷ്ടമാകും.ഇരുവരും അവസാന രണ്ട് ടെസ്റ്റുകൾകളിച്ചേക്കുമെന്നാണു വിവരം.
ഐ.പി.എൽ മത്സരത്തിനിടെ പരുക്കേറ്റ രോഹിത് ശർമ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല. ഡിസംബർ രണ്ടാം വാരം മാത്രമായിരിക്കും രോഹിത് ശർമ ആസ്ട്രേലിയയിലേക്കു പോകുക.ആസ്ട്രേലിയയിലെത്തി രണ്ട് ആഴ്ചത്തെ ക്വാറന്റീനും പൂർത്തിയാക്കിയ ശേഷം മാത്രമേ താരത്തിന് പരിശീലനത്തിന് ഇറങ്ങാൻ സാധിക്കൂ. ജനുവരി ഏഴിന് സിഡ്നിയിലാണ് ഇന്ത്യ– ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ്.
ഡിസംബർ എട്ടിന് രോഹിത് ഓസ്ട്രേലിയയിലേക്കു പോയാലും ക്വാറന്റീൻ കഴിഞ്ഞ് പരിശീലനത്തിന് ഇറങ്ങാൻ ഡിസംബർ 22 എങ്കിലുമാകും. രോഹിതിന് കളിക്കാന്‍ സാധിക്കാതിരുന്നാൽ യുവതാരം ശ്രേയസ് അയ്യരായിരിക്കും ടെസ്റ്റിൽ പകരം ഇറങ്ങുക.
ഒരു മാസക്കാലമായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലാണ് ഇഷാന്ത് . ഒരു ദിവസം കുറഞ്ഞത് 20 ഓവറെങ്കിലും എറിയാൻ സാധിക്കുന്ന രീതിയിലേക്ക് ഇഷാന്ത് എത്തിയാൽ മാത്രമേ താരത്തിന്റെ മാച്ച് ഫിറ്റ്നസിന്റെ കാര്യത്തിൽ തീരുമാനമാകൂ.
സിഡ്നിയിലാണ് 32 അംഗ ഇന്ത്യൻ ടീം പരിശീലനം നടത്തുന്നത്. യു.എ.ഇയിൽനിന്ന് ഐപിഎൽ മത്സരങ്ങൾ പൂർത്തിയാക്കിയ ശേഷം ടീം അംഗങ്ങൾ നേരിട്ട് ആസ്ട്രേലിയയിലേക്കു പോകുകയായിരുന്നു. ബൗളിംഗിൽ ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവർക്കു പുറമേ കാർത്തിക് ത്യാഗി, കംലേഷ് നാഗർകോട്ടി, ഇഷാൻ പൊറേൽ തുടങ്ങിയ റിസർവ് താരങ്ങളും ഇന്ത്യൻ നിരയിലുണ്ട്.