ന്യൂഡൽഹി: ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാൾ രണ്ടുലക്ഷം രൂപയോ അതിനുമുകളിലോ ഇനി പണമായി കൈപ്പറ്റിയാൽ കാത്തിരിക്കുന്നത് ആദായനികുതി നിയമപ്രകാരം പിഴ. ഒരു ഇടപാടിന്റെ പേരിൽ ഒന്നോ അതിലധികമോ തവണയായി ഒരുദിവസം രണ്ടുലക്ഷമോ അതിലധികമോ തുക പണമായി കൈപ്പറ്റിയാലാണ് ആദായ നികുതി വകുപ്പ് സെക്ഷൻ 269 എസ്.ടി പ്രകാരം പിഴ അടയ്ക്കേണ്ടി വരുക.
നികുതിവെട്ടിച്ചുള്ള പണമിടപാടുകളും കള്ളപ്പണവും തടയുകയാണ് ഇതിലൂടെ ആദായ നികുതി വകുപ്പ് ലക്ഷ്യമിടുന്നത്. രണ്ടുലക്ഷം രൂപ മുതൽക്കുള്ള തുക അക്കൗണ്ട് പേയീ ചെക്ക് ആയോ ബാങ്ക് ഡ്രാഫ്റ്റായോ ഇലക്ട്രോണിക് ക്ളിയറിംഗ് സിസ്റ്റം (ഇ.സി.എസ്) വഴിയോ കൈമാറാനാണ് നിയമം അനുശാസിക്കുന്നത്.
ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യൂണിഫൈഡ് പേപെന്റ് ഇന്റർഫേസ് (യു.പി.ഐ), റിയൽടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർ.ടി.ജി.എസ്), നാഷണൽ ഇലക്ട്രോണിക്സ് ഫണ്ട്സ് ട്രാൻസ്ഫർ (എൻ.ഇ.എഫ്.ടി), ഭീം (ഭാരത് ഇന്റർഫേസ് ഫോർ മണി) എന്നീ മാർഗങ്ങളാണ് ഇ.സി.എസിൽ ഉൾപ്പെടുന്നത്.
രണ്ടുലക്ഷം രൂപയോ അതിലധികമോ പണമായി കൈമാറിയതിന് പിടിക്കപ്പെട്ടാൽ, സെക്ഷൻ 271 ഡി.എ. പ്രകാരം ആ തുക മുഴുവൻ പിഴയായി അടയ്ക്കേണ്ടി വരും. അതേസമയം, പണം കൈമാറ്റത്തിന് തൃപ്തികരമായ കാരണം ബോദ്ധ്യപ്പെടുത്തിയാൽ പിഴയിൽ നിന്ന് ഒഴിവാകാം.
ഇവർക്ക് ഇളവുകൾ
സർക്കാരുകൾ, ബാങ്കിംഗ് സ്ഥാപനങ്ങൾ, പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക്, സഹകരണ ബാങ്ക് എന്നിവയ്ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 269 എസ്.ടി ബാധകമല്ല. ഇവയ്ക്ക് രണ്ടുലക്ഷമോ അതിലധികോ രൂപ പണമായി ഇടപാട് നടത്താം.