•പാട്ടും പാടി ജയിക്കാൻ ബി.എസ്.എൻ.എൽ
കോലഞ്ചേരി: പാട്ടും പാടി ജയിക്കാൻ ബി.എസ്.എൻ.എൽ സൗകര്യം ഒരുക്കുന്നു. വോട്ടഭ്യർത്ഥിക്കാൻ കോളർ ടോണും. വോട്ടഭ്യർത്ഥിക്കാൻ വിപുലമായ സൗകര്യവുമായാണ് ബി.എസ്.എൻ.എൽ വരുന്നത്.
കൊവിഡ് കാലത്ത് സ്ഥാനാർത്ഥികൾക്ക് സ്വന്തം ശബ്ദത്തിൽ ഫോണിലൂടെ വോട്ടഭ്യർഥിക്കാം. റെക്കോഡ് ചെയ്ത സന്ദേശം ബി.എസ്.എൻ.എൽ വോട്ടർമാരിലെത്തിക്കും.
സ്ഥാനാർത്ഥിയോ നേതാക്കളോ നൽകുന്ന ബി.എസ്.എൻ.എല്ലിന്റെയും മറ്റു സേവനദാതാക്കളുടെ മൊബൈൽ നമ്പറിലേക്ക് ഇവയെത്തും. 30 സെക്കൻഡ് നീളുന്ന വിളിക്ക് ഒരു നമ്പറിലേയ്ക്ക് അമ്പതുപൈസയാണ് നിരക്ക്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെയോ വരണാധികാരിയുടെയോ അനുമതി പത്രത്തോടൊപ്പം റെക്കോർഡ് ചെയ്ത ശബ്ദസന്ദേശവുമായി തൊട്ടടുത്ത ബി.എസ്.എൻ.എൽ. ഉപഭോക്തൃ സേവന കേന്ദ്രത്തിലെത്തിയാൽ മതി. വിവരങ്ങൾക്ക് 94460 76060
ബൾക്ക് വോയ്സ് കാൾ ഫെസിലിറ്റി
സ്ഥാനാർത്ഥികളുടെയും അണികളുടെയും മൊബൈലിലേക്ക് വിളിക്കുമ്പോൾ കേൾക്കാവുന്ന റെക്കോർഡ് ചെയ്ത റിംഗ് ബാക്ക് ടോൺ സൗകര്യവും ലഭിക്കും. വോട്ടഭ്യർത്ഥിക്കുന്ന ഗാനങ്ങളോ സന്ദേശമോ ഇതിന് ഉപയോഗിക്കാം.
സ്ഥാനാർത്ഥികൾക്ക് തന്റെ പരിധിയിലെ വോട്ടർമാരുടെ നമ്പറുകളിലേക്ക് സ്വന്തം ശബ്ദത്തിൽ ഒരേ സമയം വോട്ട് അഭ്യർഥിക്കാൻ പറ്റുന്ന 'ബൾക്ക് വോയ്സ് കാൾ ഫെസിലിറ്റി'യാണ് ഇതിനായി ഒരുക്കിയത്.
ജില്ലയിലെ എല്ലാ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, നഗരസഭ വാർഡുകളിലെ മുഴുവൻ വോട്ടർമാരുടെയും മൊബൈൽ ഫോണിലേക്കും ലാൻഡ് ഫോണിലേക്കും ശബ്ദസന്ദേശം അയക്കാം.