ജംഷഡ്പൂരിനെ 2-1ന് തോൽപ്പിച്ച് ചെന്നൈയിൻ എഫ്.സി
തിലക് മൈതാൻ : ഐ.എസ്.എൽ ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ ജംഷഡ്പൂർ എഫ്.സിയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് കീഴടക്കി ചെന്നൈയിൻ എഫ്.സി സീസണിന് തുടക്കമിട്ടു. ആദ്യ പകുതിയിൽത്തന്നെയാണ് മൂന്ന് ഗോളുകളും പിറന്നത്.
മത്സരത്തിന്റെ ആദ്യ മിനിട്ടിൽത്തന്നെ അനിരുദ്ധ് താപ്പയിലൂടെ ചെന്നൈയിൻ ഗോൾ നേടിയിരുന്നു. ഇസ്മയിലിൽ നിന്ന് കിട്ടിയ ഒരു പന്തുമായി വലതുഫ്ളാങ്കിലൂടെ കയറിയ അനിരുദ്ധ് സ്കോർ ചെയ്യുകയായിരുന്നു. ഈ സീസണിൽ സ്കോർ ചെയ്യുന്ന ആദ്യ ഇന്ത്യൻ താരമാണ് അനിരുദ്ധ്.സീസണിലെ വേഗമേറിയ ഗോളിന്റെ ഉടമയായായും അനിരുദ്ധ് മാറി.
26-ാം മിനിട്ടിൽ ഇസ്മയിലും സ്കോർ ചെയ്തതോടെ ചെന്നൈയിൻ രണ്ടു ഗോളുകൾക്ക് മുന്നിലെത്തി.ഒരു പെനാൽറ്റിയിൽ നിന്നായിരുന്നു ഇസ്മയിലിന്റെ ഗോൾ.ജംഷഡ്പൂർ താരം ചക്ച്ചോക്ക് ബോക്സിനുള്ളിൽ നടത്തിയ ഫൗളാണ് പെനാൽറ്റിക്ക് വഴിയൊരുക്കിയത്.വലകാത്ത മലയാളി ഗോളി ടി.പി രഹ്നേഷ് തെറ്റായ ദിശയിലേക്ക് ഡൈവ് ചെയ്തപ്പോൾ ഇസ്മയിൽ കൂളായി സ്കോർ ചെയ്തു.
ആദ്യ പകുതിയിൽത്തന്നെ ഗോൾ തിരിച്ചടിക്കാൻ ജംഷഡ്പൂരിന് കഴിഞ്ഞു. 37-ാം മിനിട്ടിൽ ചെന്നൈയിന്റെ ദുർബലമായ പ്രതിരോധത്തെ വെട്ടിച്ച് ജാക്കിചന്ദ് സിംഗ് നൽകിയ പാസാണ് വൽക്കീസ് ഗോളാക്കിമാറ്റിയത്.