പത്തനംതിട്ട: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇലക്ഷൻ ഒബ്സർവർമാർ ചുമതലയേറ്റു. ജില്ലാ വരണാധികാരിയും ജില്ലാ കളക്ടറുമായ പി.ബി. നൂഹിന്റെ സാന്നിദ്ധ്യത്തിലാണ് ഒബ്സർവർമാർ ചുമതലയേറ്റത്. ഐ.എഫ്.എസ് ഉദ്യോഗസ്ഥനും പെരിയാർ ടൈഗർ റിസർവ് ഫീൽഡ് ഓഫീസറുമായ കെ.ആർ. അനൂപാണ് ജില്ലയിൽ ഇലക്ഷൻ ജനറൽ ഒബ്സർവറായി (പൊതുനിരീക്ഷകൻ) ചുമതലയേറ്റത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലയിലെ പരാതികൾ observerd03@gmail.com എന്ന മെയിൽ ഐഡിയിൽ ഒബ്സർവറെ അറിയിക്കാം.
പ്രധാന ഒബ്സർവർക്കൊപ്പം രണ്ട് എക്സ്പെൻഡിച്ചർ ഒബ്സർവർമാരും (ചെലവ് നിരീക്ഷകർ) ചുമതലയേറ്റു. മൂന്ന് എക്സ്പെൻഡിച്ചർ ഒബ്സർവർമാരാകും ജില്ലയിലെ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവുകൾ സംബന്ധിച്ച കാര്യങ്ങൾ നിരീക്ഷിക്കുക. ഫിനാൻസ് ഡിപ്പാർട്ട്മെന്റ് അഡീഷണൽ സെക്രട്ടറി എൻ.ഗോപകുമാർ, ഫിനാൻസ് ഡിപ്പാർട്ട്മെന്റ് ജോയിന്റ് സെക്രട്ടറി എം. അനിൽ കുമാർ എന്നിവരാണ് എക്സ്പെൻഡിച്ചർ ഒബ്സർവർമാരായി ചുമതലയേറ്റിട്ടുള്ളത്.
മല്ലപ്പള്ളി, പുളിക്കീഴ്, കോയിപ്രം ബ്ലോക്ക് പരിധി, തിരുവല്ല മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ചുമതല എൻ.ഗോപകുമാറിനും, പന്തളം, പറക്കോട് ബ്ലോക്ക് പരിധി, പന്തളം, അടൂർ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ചുമതല എം. അനിൽ കുമാറിനുമാണ്. ഇലന്തൂർ, റാന്നി, കോന്നി ബ്ലോക്ക് പരിധിയിയും പത്തനംതിട്ട മുനിസിപ്പാലിറ്റിയുമാണ് മൂന്നാമത്തെ ഒബ്സർവറുടെ ചുമതല പരിധി.
ജില്ലാ പഞ്ചായത്തിൽ ഒരു സ്ഥാനാർത്ഥിക്ക് ചെലവാക്കാൻ കഴിയുന്ന തുക 1,50,000 രൂപയാണ്. ബ്ലോക്ക്, മുനിസിപ്പാലിറ്റി തലത്തിൽ 75,000 രൂപയും ഗ്രാമപഞ്ചായത്തു തലത്തിൽ 25,000 രൂപയുമാണ് ചെലവാക്കാൻ കഴിയുക.