ശാസ്താംകോട്ട: വീട്ടമ്മയെ കബളിപ്പിച്ച് പണവും മൊബൈൽ ഫോണുമായി ബൈക്ക് യാത്രികൻ കടന്ന് കളഞ്ഞു. കുന്നത്തൂർ നടുവിൽ പടിഞ്ഞാറേ നിരണത്തിൽ രാധയാണ് കബളിപ്പിക്കലിന് ഇരയായത്.ഇന്നലെ പകൽ 3 മണിയോടെയാണ് സംഭവം. ബാങ്കിൽ നിന്ന് പണം എടുത്ത ശേഷം റോഡിൽ കൂടി നടന്നു വരികയായിരുന്ന രാധയുടെ സമീപത്ത് നെടിയവിള ഗുരുമന്ദിരം ജംഗ്ഷനിൽ വച്ച് ഒരു ബൈക്ക് യാത്രികൻ ബൈക്ക് കൊണ്ടുവന്ന് നിറുത്തുകയും രാധയുടെ മകന്റെ കൂട്ടുകാരനാണെന്ന് സ്വയം പരിചയപ്പെടുത്തുകയും ചെയ്തു. പിന്നീട് ഇവരെ ബൈക്കിൽ കയറ്റി. ഈ സമയം പണവും മൊബൈൽ ഫോണും സൂക്ഷിച്ചിരുന്ന കവർ സൂക്ഷിച്ചു കൊള്ളാമെന്ന വ്യാജേന ബൈക്ക് യാത്രികൻ കരസ്ഥമാക്കി. തുടർന്ന് നെടിയവിള ജംഗ്ഷനിൽ എത്തി രാധയെ ബൈക്കിൽനിന്ന് ഇറക്കുകയും പണവും മൊബൈൽ ഫോണും അടങ്ങിയ കവർ തിരികെ നൽകാതെ ബൈക്ക് ഓടിച്ചു പോവുകയുമായിരുന്നു.ഇരുപതിനായിരം രൂപയും മൊബൈൽ ഫോണും ചില രേഖകളുമാണ് നഷ്ടപ്പെട്ടത്. രാധ ശാസ്താംകോട്ട പൊലീസിന് പരാതി നൽകി. സി സി ടി. വി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ പിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്'