ശ്രീകാര്യം:തിരുവിതാംകൂർ ദേവസ്വം ബോർഡും കേരള പൊലീസും വിവിധ സർക്കാർ വകുപ്പുകളും ചേർന്ന് നടപ്പിലാക്കി വരുന്ന പുണ്യം ഗുരുകുലം പദ്ധതി ചെമ്പഴന്തി ഗുരുകുലത്തിലും നടപ്പിലാക്കുന്നു. ശ്രീനാരായണ ഗുരുദേവന്റെ മഹത്തരമായ ശുചിത്വ സങ്കല്പങ്ങൾ ഉൾക്കൊണ്ട് ശുചിത്വ ഭാരതം എന്ന ലക്ഷ്യം മുൻനിറുത്തി എല്ലാ മതവിഭാഗങ്ങളിലും പെട്ട ആരാധനാലയങ്ങളിൽ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലവും ഇതിന്റെ ഭാഗമാകുന്നത്. ഇന്ന് രാവിലെ 10 ന് പദ്ധതി സംസ്ഥാന കോ-ഓർഡിനേറ്ററും ഹെഡ് ക്വാർട്ടേഴ്സ് ഐ.ജി.യുമായ പി.വിജയൻ ഫലവൃക്ഷത്തൈനട്ട് പുണ്യം ഗുരുകുലം പദ്ധതി ഉദ്ഘാടനം ചെയ്യും. ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ നേതൃത്വം നൽകുന്ന ചടങ്ങിൽ, എസ് .പി.സി. കേഡറ്റുകൾ ഉൾപ്പെടെ നിരവധിപേർ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പങ്കെടുക്കും.